അക്കേഷ്യക്കും മാഞ്ചിയത്തിനും പകരം വന്നത് മലവേപ്പിൻ തോട്ടം
1394813
Friday, February 23, 2024 1:20 AM IST
മുളിയാർ: കാടിന്റെ സ്വാഭാവിക പരിസ്ഥിതി നശിപ്പിച്ച അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങൾ പൂർണമായും മുറിച്ചുമാറ്റി പകരം വ്യത്യസ്ത ഇനം നാട്ടുമരങ്ങൾ ഇടകലർത്തി നടുമെന്ന വനംവകുപ്പിന്റെ പ്രഖ്യാപനം പ്രായോഗികതലത്തിൽ നടപ്പായില്ല. മുളിയാർ വനത്തിൽ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ മുറിച്ചുമാറ്റിയ വിശാലമായ പ്രദേശത്ത് ഒട്ടുമുക്കാലും നട്ടുപിടിപ്പിച്ചത് മലവേപ്പ് മരത്തൈകൾ മാത്രം. അധികം പരിപാലനമില്ലാതെ തന്നെ പെട്ടെന്നു വളരുമെന്നതാണ് മലവേപ്പ് തിരഞ്ഞെടുക്കാൻ കാരണമായി പറയുന്നത്. ഇതേ കാരണം പറഞ്ഞാണ് മുമ്പ് അക്കേഷ്യയും മാഞ്ചിയവും നട്ടുവളർത്തിയതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇവയിൽ നിന്ന് വ്യത്യസ്തമായി മലവേപ്പ് നാട്ടുമരം തന്നെയാണെങ്കിലും ഒരേ ഇനം മരങ്ങൾ മാത്രം വളരുന്നത് കാടിന്റെ സ്വാഭാവികത തുടർന്നും ഇല്ലാതാക്കും. പെട്ടെന്നുതന്നെ വളരെ ഉയരത്തിൽ വളരുന്ന മലവേപ്പ് വന്യജീവികൾക്ക് ആഹാരലഭ്യതയ്ക്കും കാര്യമായി ഉപകരിക്കില്ല.
കാട്ടുകടുക്ക എന്നുകൂടി അറിയപ്പെടുന്ന ഈ മരം മറ്റു സംസ്ഥാനങ്ങളിൽ പൊതുവേ വാണിജ്യ ആവശ്യത്തിനുവേണ്ടി പ്ലാന്റേഷനുകളിൽ നട്ടുവളർത്തുന്നതാണ്. നട്ടുകഴിഞ്ഞ് നാലോ അഞ്ചോ വർഷം കഴിയുമ്പോൾതന്നെ തടി മുറിച്ചെടുക്കാൻ പാകത്തിലാകും.
കാട്ടിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും ലഭ്യമാക്കിയാൽ അവ നാട്ടിലിറങ്ങുന്നത് അല്പമെങ്കിലും കുറയുമെന്നായിരുന്നു ഇതുസംബന്ധിച്ച് വനംവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണം. മാവ്, പ്ലാവ്, കശുമാവ്, പേരക്ക, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങൾ കൂടുതലായി നട്ടുവളർത്തണമെന്നായിരുന്നു ശുപാർശ. വെള്ളം ലഭ്യമാക്കാൻ കുളങ്ങൾ കുഴിക്കാനും കാട്ടരുവികളിൽ തടയണകൾ നിർമിക്കാനും ശുപാർശ ചെയ്തിരുന്നു.
ഇതെല്ലാം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവിടുത്തെ മൃഗങ്ങൾക്ക് ആഹാരത്തിന് ഉപകരിക്കാത്ത അക്കേഷ്യയും മാഞ്ചിയവും മഞ്ഞക്കൊന്നയുമടക്കമുള്ള മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി പകരം നാട്ടുമരങ്ങൾ നടാൻ തീരുമാനിച്ചത്.
ജില്ലയിൽ 105 ഹെക്ടർ വനപ്രദേശത്തെ അക്കേഷ്യ–മാഞ്ചിയം മരങ്ങളാണ് പദ്ധതി പ്രകാരം ഇതുവരെ മുറിച്ചുനീക്കിയത്. ഇതിൽ മുളിയാറിലേതുൾപ്പെടെ 35 ഹെക്ടർ സ്ഥലത്താണ് ഈ വർഷം തൈകൾ നടാൻ തീരുമാനിച്ചത്. തൈകൾ നടാനും പരിപാലിക്കാനും വനംവകുപ്പ് സ്വകാര്യ ഏജൻസികൾക്ക് കരാർ നല്കുകയായിരുന്നു.
ഇവരാകട്ടെ പരിപാലനച്ചെലവ് കുറയ്ക്കുന്നതിനായി അധികം സ്ഥലത്തും മലവേപ്പ് മാത്രം നടുകയാണ് ചെയ്തത്. മാവും പ്ലാവും അടക്കം പത്തോളം ഇനം തൈകളാണ് വനംവകുപ്പ് നടാൻ നിർദേശിച്ചതെങ്കിലും അതെല്ലാം പേരിനു മാത്രമായി.
സർക്കാർ തീരുമാനം അട്ടിമറിച്ച് വീണ്ടും ഏകവിള തോട്ടം തന്നെ നട്ടുപിടിപ്പിച്ചതിനെതിരെ വനംവകുപ്പിന് പരാതി നല്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി പറഞ്ഞു.