ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കണം: എ.ജെ. വില്‍സണ്‍
1394593
Thursday, February 22, 2024 1:10 AM IST
കാഞ്ഞങ്ങാട്: ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കെഎസ്ഇബിക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് അംഗം എ.ജെ. വില്‍സണ്‍. ആറുമാസത്തിനകം സെല്‍ രൂപീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നീതി തേടി കോടതിയെ സമീപിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഒരു പരിധിവരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാന വൈദ്യുത ബോര്‍ഡ് ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കിയ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ പൊതുമേഖലാസ്ഥാപനമാണ് കെഎസ്ഇബി. 1.30 കോടി ഉപഭോക്താക്കളാണ് കെഎസ്ഇബിക്ക് ഉള്ളത്. ഉപഭോക്താക്കളുടെ പരാതിയില്‍ നിയമ-സാങ്കേതിക തടസങ്ങളുന്നയിക്കുന്നതിന് പകരം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് ഒരു സ്ഥാപനത്തിന്റെ ഉന്നമനം എന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില റഗുലേറ്ററി കമ്മീഷന് കംപ്ലൈന്റ് സെക്ഷന്‍ അംഗം ടി.ആര്. ഭുവനേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. റഗുലേറ്ററി കമ്മീഷന് കണ്‍സള്‍ട്ടന്റ് ടി.പി. ചന്ദ്രന് വിഷയാവതരണം നടത്തി. തര്‍ക്ക പരിഹാര സംവിധാനത്തെ കുറിച്ച് സംസ്ഥാന വൈദ്യുത ഓംബുഡ്സ്മാന് എ.സി.കെ. നായര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സഹിത, കമ്മീഷന് പിആര്‍ കണ്‍സള്‍ട്ടന്റ് ടി.എ. ഷൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്ഇആര്‍സി കണ്‍സ്യുമര്‍ അഡ്വക്കസി ബി. ശ്രീകുമാര്‍ സ്വാഗതവും കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശ നന്ദിയും പറഞ്ഞു.
ഉയര്‍ന്നു,
അനവധി പരാതികള്‍
വൈദ്യുതി ഉപഭോക്താക്കളുടെ സംഗമത്തില്‍ ഉയര്‍ന്നത് അനവധി പരാതികള്‍. വോള്‍ട്ടേജ് ക്ഷാമം, വൈദ്യുത മുടക്കം, ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസുകളില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത പ്രശ്നങ്ങള്‍, വൈദ്യുത ലൈന്‍ ഷിഫ്റ്റ്, കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാഞ്ഞങ്ങാട്ട് ഭൂഗര്‍ഭ കേബിള്‍ ഉപയോഗ ക്ഷമമാക്കാത്തത്, ഹൈടെന്‍ഷന്‍ കണക്ഷന് ലഭിക്കുന്നതിനുള്ള കാലതാമസം എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചത്.
നിലവില്‍ രണ്ടുമാസത്തില്‍ നല്കുന്ന കെഎസ്ഇബി വൈദ്യുത ബില്ലുകള്‍ പ്രതിമാസം നല്‍കുക, കാഞ്ഞങ്ങാട് ടൗണിലെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുത തടസം, ഇലക്ട്രിസിറ്റി ഓഫീസുകളില്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പ്രശ്നങ്ങള്‍ കോട്ടച്ചേരി മേല്‍പ്പാലത്തിലെ തെരുവിളക്കുകള്‍ക്ക് വൈദ്യുത കണക്ഷന് ഇല്ലാത്ത പ്രശ്നം എന്നിവ എ. ഹമീദ് ഹാജി ചുണ്ടിക്കാട്ടി.
ഒരു കോടി ഉപഭോക്താക്കള്‍ പ്രതിമാസ ബില്ലിലേക്ക് വന്നാലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് അംഗം എ.ജെ. വില്‍സണ്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇലക്ട്രിസിറ്റി ഓഫിസുകളില്‍ ഫോണ്‍ വിളിച്ചാല്‍ കൃത്യമായും എടുക്കണം. ഇത് എല്ലായിടങ്ങളിലും കേള്‍ക്കുന്ന പരാതിയാണ്. അതു പരിഹരിക്കണം. കണ്‍സ്യൂമര്‍ വാട്സാപ് ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി.
മടിക്കൈയില്‍ കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസ് തുടങ്ങണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍ പുതിയ സെക്ഷനേക്കാള്‍ ആവശ്യം പുതിയ സബ് സ്റ്റേഷനുകള്‍ ആണെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ ചാര്‍ജ് ചെയ്യുന്ന വിഷയത്തില്‍ കെഎസ്ഇബിയുടെ കൃത്യമായ ഇടപെടല്‍ വേണമെന്ന് വില്‍സണ്‍ വ്യക്തമാക്കി.
മയിലാട്ടിയില്‍ നിന്നും വിദ്യാനഗറിലേക്ക് നിലവിലുള്ളത് 110 കെവി സിംഗിള്‍ലൈന്‍ മാത്രമാണെന്നും ഇതു ഡബിള്‍ ലൈന്‍ ആക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പനങ്കാവ് പാടശേഖരത്തില്‍ ജലസേചനത്തിനുള്ള വൈദ്യുതി വിഛേദിച്ചത് പാടശേഖരസമിതി പ്രതിനിധികള്‍ ഉന്നയിച്ചു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വൈദ്യുത ബില്‍ കുടിശിക കൂടുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ക്ക് അനുകൂലമായ സമീപനം കെ എസ്ഇബി സ്വീകരിക്കണമെന്നും സാങ്കേതികതടസങ്ങള് കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും വില്‍സണ്‍ പറഞ്ഞു.