വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ കാട്ടിനുള്ളില്‍ തടയണകളൊരുക്കുന്നു
1394460
Wednesday, February 21, 2024 5:45 AM IST
കാസര്‍ഗോഡ്: വേനല്‍ക്കാലത്ത് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൂടുതലായി നാട്ടിലിറങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കാട്ടിനുള്ളില്‍ വെള്ളത്തിന്റെ ലഭ്യതക്കുറവാണ്. കാട്ടരുവികള്‍ വറ്റിവരളുന്ന കാലത്തും തൊട്ടടുത്തുള്ള ജനവാസകേന്ദ്രത്തിൽ ജലസേചന ആവശ്യത്തിനായി നിര്‍മിച്ച തടയണകളില്‍ വെള്ളമുണ്ടാകും. ഇത് തേടിയെത്തുന്ന മൃഗങ്ങള്‍ അടുത്തുള്ള കൃഷിയിടങ്ങളിലെല്ലാം നാശം വരുത്തുകയും ചെയ്യുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കാടിനുള്ളില്‍ തന്നെ അവിടവിടെയായി ചെറു തടയണകളൊരുക്കുകയാണ് വനംവകുപ്പ്.
കാസര്‍ഗോഡ് റെയ്ഞ്ചില്‍ ബന്തടുക്ക സെക്ഷനു കീഴിലാണ് പരീക്ഷണാര്‍ഥം ആറിടങ്ങളില്‍ തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് റെയ്ഞ്ചിലെ റാണിപുരം വനത്തിൽ നേരത്തേ ഈ ആവശ്യത്തിനായി രണ്ട് കുളങ്ങൾ നിർമിച്ചിട്ടുണ്ട്.
വനമേഖലയിലെ ജലസ്രോതസുകള്‍ പരിശോധിച്ച് അടയാളപ്പെടുത്തിയാണ് തടയണകള്‍ നിര്‍മിക്കുന്നത്. വന്യജീവികള്‍ക്ക് കുടിവെള്ളമൊരുക്കുന്നതിനോടൊപ്പം അതത് മേഖലകളിലെ ജലസംരക്ഷണത്തിനും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതി വിജയകരമെന്നു തെളിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ ജില്ലയിലെ മറ്റു വനമേഖലകളിലേക്കും വ്യാപിപ്പിക്കും.