ബളാൽ-പരപ്പ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
1393995
Monday, February 19, 2024 5:45 AM IST
ബളാൽ: ജനകീയ ബസും ജീപ്പ് സർവീസുകളും നിലച്ചതോടെ ബളാൽ-പരപ്പ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെടുന്ന പൊടിപ്പള്ളം, അരീക്കര, അത്തിക്കടവ്, അരീങ്കല്ല്, വീട്ടിയോടി, കിനാനൂർ കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡിൽ പെടുന്ന പന്നിയെറിഞ്ഞകൊല്ലി, പ്രതിഭാ നഗർ ഭാഗങ്ങളിൽ നിന്നുള്ളവർ നഗരകേന്ദ്രങ്ങളിലേക്കും വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കുമെല്ലാം പോകാൻ വർഷങ്ങളായി ആശ്രയിച്ചിരുന്നത് സ്വകാര്യ ജീപ്പ് സർവീസുകളെയായിരുന്നു.
2003 മുതൽ നാട്ടുകാർ ഷെയർ എടുത്ത് വാങ്ങിയ ജനകീയ ജീപ്പ് കൂടി വന്നതോടെ യാത്രാക്ലേശത്തിന് അല്പമെങ്കിലും പരിഹാരമായിരുന്നു. പിന്നീട് 2016 മുതൽ അരീങ്കല്ലിലെ കാരുണ്യ സംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ ബസ് തുടങ്ങിയതോടെ സ്വകാര്യ ജീപ്പ് സർവീസുകൾ നിലച്ചു.
നഷ്ടത്തിലായ ജനകീയ ജീപ്പ് വിൽക്കുകയും ചെയ്തു. പിന്നീട് ജനകീയ ബസും നിലച്ചതോടെ നാട്ടുകാർ പെരുവഴിയിലാവുകയായിരുന്നു. പിന്നീട് സ്ഥിരം യാത്രക്കാരുടെ ആവശ്യപ്രകാരം ബളാലിൽ നിന്ന് പരപ്പയിലേക്ക് വീണ്ടും സ്വകാര്യ ജീപ്പ് സർവീസ് തുടങ്ങിയെങ്കിലും പരപ്പയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ എതിർപ്പ് മൂലം നിർത്തിവെക്കേണ്ടി വന്നു. ഇപ്പോൾ ദിവസക്കൂലിക്കുവേണ്ടി ജോലിക്കു പോകുന്നവരുൾപ്പെടെ ഭീമമായ വാടക കൊടുത്ത് ഓട്ടോറിക്ഷ വിളിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലായി. യാത്രാദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.