ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഇനി പനക്കുളംതട്ടും
1393791
Sunday, February 18, 2024 6:58 AM IST
മുന്നാട്: ബേഡഡുക്ക പഞ്ചായത്തിലെ പനക്കുളംതട്ടിനെ സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ ഡിടിപിസിയുടെ നിർദേശം. പ്രാദേശികതലത്തിൽ ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചാലഞ്ച്.
കുന്നുകൾക്കിടയിലൂടെ കിലോമീറ്ററുകളോളം ദൂരത്തിൽ പയസ്വിനിപ്പുഴ ഒഴുകിവരുന്നതിന്റെ ദൂരക്കാഴ്ച കാണാനാകുമെന്നതാണ് പനക്കുളംതട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കാഴ്ച കാണുന്നതിനും ചിത്രീകരിക്കുന്നതിനുമായി ഇപ്പോൾ തന്നെ നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.
ഇവിടെ പ്രാദേശിക വിനോദസഞ്ചാര വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി സമർപ്പിക്കാനാണ് ബേഡഡുക്ക പഞ്ചായത്തിനോട് ഡിടിപിസി ആവശ്യപ്പെട്ടിട്ടുള്ളത്.
വിനോദസഞ്ചാരികൾക്ക് പ്രഭാത-സായാഹ്ന കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന തരത്തിലുള്ള ഒരു വാച്ച് ടവറും മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങളും രൂപരേഖയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
പദ്ധതിക്കായി ഇവിടെ ലഭ്യമാക്കാവുന്ന ഭൂമിയുടെ അളവും ആരാഞ്ഞിട്ടുണ്ട്. മലയോരത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ഈ മാതൃകയിൽ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാൻ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.