അനധികൃത മീൻപിടിത്തം നടത്തിയ മൂന്ന് ബോട്ടുകൾ പിടിച്ചു; ഏഴരലക്ഷം രൂപ പിഴ
1393788
Sunday, February 18, 2024 6:58 AM IST
കാസർഗോഡ്: ജില്ലയുടെ തീരമേഖലയിൽ അനധികൃത മീൻപിടിത്തം നടത്തിയ മൂന്ന്ബോട്ടുകൾ മത്സ്യബന്ധന വകുപ്പും തീരദേശ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിംഗിൽ പിടിച്ചെടുത്തു. ഉടമകളിൽ നിന്നും ഏഴരലക്ഷം രൂപ പിഴയീടാക്കി.
തീരത്തുനിന്ന് നിർദിഷ്ട അകലത്തിൽ ആഴക്കടലിൽ മാത്രമേ യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ച് ട്രോളിംഗ് നത്താൻ പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിച്ച് തീരക്കടലിൽ മീൻപിടിത്തം നടത്തിയതിനും മതിയായ രേഖകളില്ലാതെ ബോട്ട് കടലിലിറക്കിയതിനുമാണ് ശിക്ഷാനടപടികൾ സ്വീകരിച്ചത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗ എന്നീ ബോട്ടുകളാണ് പിടികൂടിയത്. വരുംദിവസങ്ങളിലും കടലിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.