കാരാട്ടുവയലിലേക്കുള്ള കനാലിന്റെ പുനർനിർമാണം തുടങ്ങി
1377186
Sunday, December 10, 2023 1:25 AM IST
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മണ്ണിട്ടുമൂടിയ കാരാട്ടുവയൽ ജലസേചന പദ്ധതിയുടെ കനാലിന്റെ പുനർനിർമാണം തുടങ്ങി. ദേശീയപാതയ്ക്ക് കുറുകേ കുഴിയെടുത്ത് കലുങ്കുകളുടെ മാതൃകയിൽ നിലം കോൺക്രീറ്റ് ചെയ്താണ് കനാൽ നിർമിക്കുന്നത്. പാതയ്ക്ക് കുറുകേയുള്ള നിർമാണം പൂർത്തിയായാലുടൻ ഇതിനെ പഴയ കനാലുമായി ബന്ധിപ്പിച്ച് വെള്ളം ഒഴുക്കിവിടാൻ കഴിയുമെന്ന് ചെറുകിട ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
കനാൽ മൂടിയതോടെ കാരാട്ടുവയലിലെ നൂറേക്കറിലധികം വരുന്ന പാടശേഖരത്തിലെ കർഷകർ രണ്ടാംവിള നെൽകൃഷി നടത്താനാകാതെ പ്രതിസന്ധിയിലായതായി നേരത്തേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും വർഷം മുമ്പ് നടപ്പാക്കിയ കാരാട്ടുവയൽ ജലസേചനപദ്ധതിയുടെ ഭാഗമായാണ് അരയിപ്പുഴയിൽ നിന്ന് ദേശീയപാതയ്ക്കടിയിലൂടെ സ്ഥാപിച്ച കനാലിലൂടെ വെള്ളമെത്തിച്ചിരുന്നത്.
ഈ വർഷം കൃഷിനടക്കാതെ കാരാട്ടുവയൽ വരണ്ടുകിടന്നാൽ ചുറ്റുമുള്ള ജലസ്രോതസുകളും വറ്റിവരളുമെന്നും തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലടക്കം ജലക്ഷാമമുണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ കനാലിന്റെ പകുതി ഭാഗത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായിരുന്നു. വാഹനഗതാഗതം ഇതിനു മുകളിലൂടെ തിരിച്ചുവിട്ടാണ് ഇപ്പോൾ ബാക്കി ഭാഗത്ത് കനാലിന്റെ നിർമാണം നടത്തുന്നത്. ഡിസംബർ മാസത്തിനകം പുതിയ കനാലിന്റെ പണി പൂർത്തിയാകുമെന്ന് നേരത്തേ ദേശീയപാതാ കരാറുകാർ ഉറപ്പു നൽകിയിരുന്നു.
നിർദിഷ്ട ഉൾനാടൻ ജലപാതയുടെ ഭാഗമായി നീലേശ്വരം-ചിത്താരി പുഴകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വീതിയും ആഴവുമേറിയ കൃത്രിമ കനാലിനായി റൂട്ട് നിശ്ചയിച്ചതും ഇതിനു സമീപത്തുകൂടിയാണ്.
ഇതുകൂടി വരുന്നതോടെ കാരാട്ടുവയലിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. കൃത്രിമ കനാലിന്റെ രൂപരേഖ ദേശീയപാതാ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അവരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആ കനാലിന്റെയും പണി തുടങ്ങാനാകുമെന്നും ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറയുന്നു.