പോലീസ് എന്നാല്‍..... പിന്നെ കാഷ് !
1376998
Saturday, December 9, 2023 2:13 AM IST
കാസര്‍ഗോഡ്: ഇന്ധനം നിറച്ചും സ്പെയര്‍ പാര്‍ട്സ് വാങ്ങിയും വാഹനം റിപ്പയര്‍ ചെയ്തും പണം നല്‍കാതെ പോലീസ്.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് പണം നല്‍കുന്നത് സർക്കാര്‍ തടഞ്ഞപ്പോള്‍ വെട്ടിലായത് ഉടമകള്‍. ജില്ലയില്‍ ഇന്ധനം നിറച്ച കുടിശിക ഇനത്തില്‍ 22 ഇന്ധന ഡീലര്‍മാര്‍ക്ക് കിട്ടാനുള്ളത് ആകെ ഒന്നര കോടിയോളം രൂപ. ആറു മാസത്തെ കുടിശിക കിട്ടാനുണ്ട്. ഇതിനിടെ പൊലീസ് നല്‍കിയത് 30 ലക്ഷത്തോളം രൂപ.
പെട്രോള്‍ കമ്പനികള്‍ മുന്‍കൂര്‍ പണം നല്‍കാതെ പമ്പുകള്‍ക്ക് ഇന്ധനം നല്‍കില്ല. ഈ സാഹചര്യത്തില്‍ ഇന്ധനം നല്‍കിയതിന്റെ കുടിശിക നല്കാന് സര്‍ക്കാര്‍ ഓരോ ദിവസവും വൈകുന്തോറും ഇതിനായി കടം നല്‍കണം ഡീലര്‍മാര്‍. ബാങ്കില്‍ നിന്നും അല്ലാതെയും കടം വാങ്ങിയ പണത്തിന് പലിശ കൊടുത്തു കടത്തിന്റെ ആഴം കൂടുന്നു. സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ ഒന്നിച്ചു ഒരു തുക കിട്ടുമെന്ന ആശ്വാസം പലപ്പോഴും വന്‍ ബാധ്യത വരുത്തുന്നു എന്നാണ് ഡീലര്‍മാര്‍ പറയുന്നത്.
കുടിശിക വന്‍ തുക കിട്ടാനുണ്ടെങ്കിലും ഇന്ധനം നല്‍കുന്നത് റദ്ദാക്കിയിട്ടില്ല. ഇനി നല്‍കില്ലെന്ന മുന്നറിയിപ്പ് നല്കുമ്പോള് ചെറിയ തുക അടച്ച് കാര്യം സാധിക്കുകയാണ് പോലീസ് വകുപ്പ്.
ഇന്ധനത്തിന്റെ കാര്യം ഇതാണെങ്കില്‍ സ്പെയര്‍പാര്‍ട്സ് വാങ്ങിയ ഇനത്തില്‍ പല കടകളിലും ഒരു വര്‍ഷം വരെയുള്ള കുടിശിക നല്‍കാനുണ്ട്. ലക്ഷത്തില്‍ കുറയാത്ത തുക പല ഇടങ്ങളിലും കുടിശികയുണ്ട്.
കുടിശിക ഒരു വര്‍ഷത്തിലേക്ക് നീണ്ടപ്പോള്‍ സ്പെയര്‍പാര്‍ട്സ് നല്‍കുന്നത് നിര്‍ത്തി വച്ച സ്ഥാപനങ്ങളും ഉണ്ട്. റിപ്പയര്‍ നടത്തിയ വര്‍ക്ക് ഷോപ്പുകളിലും പോലീസിനു കടം ബാക്കിയുണ്ട്. എപ്പോള്‍ കൊടുക്കും എന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറയാനും പ്രതിപക്ഷത്തെ വിമര്‍ശിക്കാനും നവകേരള സദസ് നടത്തുന്ന സര്‍ക്കാര്‍, ഇതേ പരിപാടിക്കായി ഓടിത്തളര്‍ന്ന പോലീസ് സേനയ്ക്ക് ഇന്ധനം നിറച്ച പണം നല്‍കാതെ, ഉദ്യോഗസ്ഥര്‍ക്ക് പമ്പുടമകളെ നേരിടാന്‍ കഴിയാത്ത സ്ഥിതിയിലാക്കി. ട്രഷറി നിയന്ത്രണത്തിന്റെ ഊരാക്കുടുക്ക് ഒന്നിനു പിറകെ ഒന്നായി വരുമ്പോള്‍ കടബാധ്യത എപ്പോള്‍ ഒഴിയും എന്ന ആശങ്കയിലാണ് പോലീസ്.