കാടകം ഇന്നു ചിലങ്കയണിയും
1376748
Friday, December 8, 2023 2:20 AM IST
കാറഡുക്ക: 62-ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് കാറഡുക്ക ജിവിഎച്ച്എസ്എസില്‍ തുടക്കമായി. ആദ്യദിനത്തില്‍ ഒപ്പന നടന്ന രണ്ടാമത്തെ സ്റ്റേജിലായിരുന്നു ആള്‍ക്കൂട്ടം ഏറെയും.
ഇന്നു നൃത്തവേദി ഉണരും. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടകം, സംഘഗാനം എന്നിവയാണ് ഇന്നത്തെ പ്രധാനയിനങ്ങള്‍. നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവരേയും ഒന്നിപ്പിക്കുന്ന കലയുടെ വസന്തോത്സവമാണ് സ്കൂള്‍ കലോത്സവമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ .എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീര്‍ 'കാടകം' ചിത്രകാരന് സി.കെ. നായര്‍ക്ക് നല്കി സ്പീക്കര്‍ പ്രകാശിപ്പിച്ചു. സ്വാഗതഗാന രചയിതാവ് പി.പി.രാജന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉപഹാരം നല്കി. ലോഗോ രൂപകല്പന ചെയ്ത ജ്യോതിഷിന് എ.കെ. എം.അഷറഫ് എംഎല്‍എ ഉപഹാരം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ്. എന്‍.സരിത, ജില്ലാ പഞ്ചായത്തംഗം പി.ബി. ഷെഫീഖ്, പഞ്ചായത്തംഗങ്ങളായ പി.സവിത, എം.രത്നാകര, എ. പ്രസീജ, രൂപ സത്യന്, വി.ദിനേശ, പ്രിന്‍സിപ്പല്‍ മീര ജോസ്, പിടിഎ പ്രസിഡന്റ് കെ.സുരേഷ് കുമാര്‍, എംപിടിഎ പ്രസിഡന്റ് ഗീത തമ്പാന്, എസ് എംസി ചെയര്മാന് സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും മുഖ്യാധ്യാപകന്‍ എം.സഞ്ജീവ നന്ദിയും പറഞ്ഞു.