പുനര്‍ഗേഹം പദ്ധതി : പാര്‍പ്പിട സമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു
1376228
Wednesday, December 6, 2023 8:09 AM IST
കാസര്‍ഗോഡ്: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായുള്ള കോയിപ്പാടി പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 480 ചതുരശ്രഅടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാര്‍പ്പിട സമുച്ചയത്തിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അങ്കണ്‍വാടി സൗകര്യവും ഒരുക്കും. കൂടാതെ മനോഹരമായ പൂന്തോട്ടം, കളിസ്ഥലം, വായനശാല മറ്റു സൗകര്യങ്ങളും ഒരുക്കും. നിലവില്‍ ഫൗണ്ടേഷന് പ്രവൃത്തികള്‍ നടന്നു വരികയാണ്. കോയിപ്പാടിയിലെ 120 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസ സൗകര്യമൊരുക്കുന്നത്.
അടിക്കടി ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും മത്സ്യതൊഴിലാളി കുടുംബങ്ങളെ രക്ഷിക്കുവാനും അവരെ മാറ്റിപാര്‍പ്പിക്കുവാനും വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പുനര്‍ഗേഹം പദ്ധതി. വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനര്‍ഗേഹം പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
കോയിപ്പാടി വില്ലേജില്‍ നാരായ മംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും ഫിഷറിസ് വകുപ്പും ചേര്‍ന്ന് 22.05 കോടി ചിലവില്‍ പാര്പ്പി സുച്ചയം പണിയുന്നത്. 2024 ഓടെ പദ്ധതി പൂര്‍ത്തിയാകും. പുനര്‍ഗേഹം പദ്ധതിയില്‍ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച 324 ഗുണഭോക്താക്കളില്‍ 305 പേരുടെ ഭൂമി രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചു. 35 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ണമായിട്ടുണ്ട്.