ജില്ലയില്‍ എച്ച്ഐവി ബാധിതര്‍ 42
1374692
Thursday, November 30, 2023 7:30 AM IST
കാസര്‍ഗോഡ്: ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 34697 പേര് എച്ച്ഐവി ടെസ്റ്റിന് വിധേയരാവുകയും (25,443 പൊതുവിഭാഗം, 9,254 ഗര്‍ഭിണികള്‍) അതില്‍ 42 പേര്‍ക്ക് എച്ച്ഐവി സ്ഥിതീകരിക്കുകയും ചെയ്തു (പൊതുവിഭാഗം 42, ഗര്‍ഭിണികള്‍ 0). ഇതില്‍ 41 പേരും 2023 വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ എച്ച്ഐവി പോസിറ്റീവ് കേസുകളാണ്. ഏപ്രില്‍ 2023 മുതല്‍ ഒക്ടോബര്‍ 2023 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 15,029 പേര് എച്ച്ഐവി ടെസ്റ്റിന് വിധേയരാവുകയും (11,287 പൊതുവിഭാഗം, 3,742 ഗര്‍ഭിണികള്‍) അതില്‍ 18 പേര്‍ക്ക് എച്ച്ഐവി സ്ഥിതീകരിക്കുകയും ചെയ്തു. (പൊതുവിഭാഗം 18, ഗര്‍ഭിണികള്‍ 0). എച്ച്ഐവി പോസിറ്റീവ് ആയ മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ കൗണ്‍സലിംഗിനു ശേഷം എആര്‍ടി (ആന്റി റിട്രോവിയല്‍ തെറാപ്പി) ചികിത്സ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന എച്ച്ഐവി ചികിത്സാ കേന്ദ്രമായ ഉഷസ് ചികിത്സാ കേന്ദ്രത്തില്‍ നിലവില്‍ 915 പേര്‍ക്ക് (464 സ്ത്രീകളും 451 പുരുഷന്മാരും ) എആര്‍ടി ചികിത്സ നല്‍കുന്നുണ്ട് . എച്ച്ഐവി ടെസ്റ്റിംഗിനും കൗണ്‍സിലിംഗിനുമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആറ് ഐസിടിസി (ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍), 32 എഫ്ഐസിടിസി (ഫെസിലിറ്റി ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍) എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.
ലൈംഗിക രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പുലരി ചികിത്സാ കേന്ദ്രം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്ഥിതി ചെയ്യുന്നു. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ 1603 പേര് പുലരി ക്ലിനിക്കില്‍ എത്തുകയും അതില്‍ 270 ആളുകളില്‍ ലൈംഗിക രോഗങ്ങള്‍ കണ്ടെത്തുകയും 21 പേര്‍ക്ക് സിഫിലിസ് രോഗത്തിന് ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്.
എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള ലക്ഷ്യവിഭാഗങ്ങള്‍ക്കിടയില്‍ എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു സുരക്ഷാ പ്രോജക്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍ടെക്, ചഥഗ, സിആര്‍ഡി , ഹെല്‍ത്ത് ലൈന്‍ എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
എആര്‍ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ വിഹാന് കെയര്‍ സപ്പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതര്‍ക്കായി പോഷകാഹാര വിതരണ പദ്ധതി, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്സ്മിയര്‍ (ഗര്‍ഭാശയ ക്യാന്‍സര്‍) പരിശോധന, സ്നേഹപൂര്‍വം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സഹായത്തോടെ ആശുപത്രികളില്‍ പരിചരണം ആവശ്യമായ നിരാലംബരായ എച്ച്ഐവി അണുബാധിതര്‍ക്ക് കൂട്ടിരിക്കുന്നതിനായി സഹായിയെ നല്‍കുന്നതിനുള്ള ട്രീറ്റ്മെന്റ് കെയര്‍ ടീം നിലവിലുണ്ട് ഇതുകൂടാതെ ലൈഫ് പദ്ധതിയില്‍ എച്ച്ഐവി ബാധിതര്‍ക്ക് മുന്‍ഗണന നല്‍കുകയും എല്ലാ എച്ച്ഐവി അണുബാധിതരെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരില്‍
ചെറുവത്തൂര്‍: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30നു ചെറുവത്തൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം. രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. സമൂഹങ്ങള്‍ നയിക്കട്ടെ എന്നാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം, ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും