ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 22 മുതല്‍
1373861
Monday, November 27, 2023 4:16 AM IST
കാസര്‍ഗോഡ്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ 2023 ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കും. ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പറേഷനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ടൂറിസം വകുപ്പും കുടുംബശ്രീ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമ്മിറ്റിയും ചേര്‍ന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ആദ്യ ഫെസ്റ്റിവലില്‍ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നുളള ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടതെന്നും അതുകൊണ്ടുതന്നെ സംഘാടനത്തില്‍ നേരിട്ട എല്ലാ പിഴവുകളും പരിഹരിച്ചുകൊണ്ടുള്ള ഫെസ്റ്റിവലാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്പന ഇത്തവണയും കുടുംബശ്രീക്ക് തന്നെയാണ്. ഇതുവഴി ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ടങ്ങളിലും വീടുകളിലും ഫെസ്റ്റിവലിന്റെ സന്ദേശം എത്തിക്കാന്‍ കുടുംബശ്രീ ജില്ലാമിഷന് സത്വര നടപടികളുമായി മുന്നിട്ടിറങ്ങുകയാണ്.
ഫെസ്റ്റിവല്‍ നാളുകളില്‍ ശുചിത്വ പരിപാലനത്തിന് പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയ ജില്ലയിലെ ഹരിതകര്‍മസേന ഇക്കുറി കുടുംബശ്രീയുമായി കൈകോര്‍ത്ത് പിടിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും. ബീച്ച് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത ഖത്തര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ഫെസ്റ്റിവലിലെ വാണിജ്യ വ്യാപാര ഭക്ഷ്യമേളകളും അമ്യൂസ്മെന്റ് പാര്‍ക്കും സജ്ജമാക്കുന്നത്. കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബീച്ചിലെ റെഡ്മൂണ്‍ പാര്‍ക്കും ഫെസ്റ്റിവലിലുണ്ട്.
ഉത്സവ നഗരിയില്‍ രണ്ടു സ്റ്റേജുകളിലായി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും നടിയും നര്‍ത്തകിയുമായ ശോഭന, ഗായകന് എം.ജി. ശ്രീകുമാര്‍, ലോകപ്രശസ്ത ഡ്രം വാദകന്‍ ശിവമണി എന്നിവരാണ് ഈ ഫെസ്റ്റിവലിലെ മുഖ്യ സെലിബ്രിറ്റികള്‍. എല്ലാ ദിവസവും വൈകുന്നേരം 5.30ന് പരിപാടികള്‍ ആരംഭിക്കും.
ഡിസംബര്‍ 22നു തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്തു ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും. 23നു ശിവമണിയും പ്രകാശ് ഉള്ള്യേരിയും സംഗീത സംവിധായകന് ശരത്തും ചേര്‍ന്നൊരുക്കുന്ന ട്രിയോ മ്യൂസിക്കല്‍ ഫ്യൂഷനുണ്ടാകും. 24നു കെ.എസ്. ചിത്രയും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രവസന്തം.
25നു ക്രിസ്മസ് ദിനത്തില്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്, 26നു ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനിശ, 27ന് പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ചേര്‍ന്നൊരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക്ക് ബാൻഡും അരങ്ങേറും. 29നു കണ്ണൂര്‍ ഷെരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്ക്കൊപ്പം ഒപ്പനയും. 30ന് ഗൗരി ലക്ഷ്മിയുടെ മ്യൂസിക്കല്‍ ബാന്‍ഡും ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും.
പത്രസമ്മേളേനത്തില് സംഘാടകസമിതി ചെയര്മാന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, ടിക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്മാന് എം.എ. ലത്തീഫ്, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, യാത്രാശ്രീ ജനറല്‍ മാനേജര്‍ രമ്യ കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.