ജില്ലയില്‍ കാട്ടുപന്നികളുടെ സ്വെെ്വരവിഹാരം: കൊല്ലാനുള്ള ഉത്തരവ് കടലാസില്‍ മാത്രം
1373837
Monday, November 27, 2023 3:38 AM IST
കാസര്‍ഗോഡ്: കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്കിയ ശേഷം ജില്ലയില്‍ കാട്ടുപന്നികള്‍ക്ക് സ്വെെ്വരവിഹാരം. ഉത്തരവ് ഇറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിരലില്‍ എണ്ണാവുന്ന പന്നികളെ മാത്രമാണ് കൊലപ്പെടുത്തിയതെന്നാണു കണക്ക്.
നേരത്തെ വനംവകുപ്പില്‍ നിന്ന് അനുമതി നല്‍കിയിരുന്ന സമയത്ത് അറുപതോളം പന്നികളെ മാസങ്ങള്‍ കൊണ്ട് കൊന്നിരുന്നു. പല തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും ഇപ്പോഴും ഉത്തരവിനെക്കുറിച്ച് വ്യക്തത ഇല്ലെന്നാണു പ്രതികരണം സൂചിപ്പിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കു കൂടി കൈമാറി കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ ജില്ലയില്‍ വളരെ കുറച്ചു തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അനുമതി നല്കിയുള്ളൂ. എന്മകജെ പഞ്ചായത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ദൗത്യസംഘത്തെ എത്തിച്ച് രണ്ടു ദിവസം കാട്ടുപന്നി വേട്ട നടത്തിയതൊഴിച്ചാല്‍ മറ്റൊരിടത്തും ഇതു ഫലപ്രദമായി നടപ്പിലാക്കിയില്ല.
ഇതിന്റെ ഫലമായി കാട്ടുപന്നി ശല്യം ജില്ലയില്‍ വ്യാപകമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുളിയാര്‍ മുണ്ടക്കൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കഴിഞ്ഞദിവസം പട്ടാപ്പകല്‍ കാട്ടുപന്നി കുത്തിയത്. കര്‍ഷകരും വലിയ ദുരിതത്തിലാണ്. തോക്ക് ലൈസന്‍സുള്ള ആരെയും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നി വേട്ടയ്ക്ക് നിയോഗിക്കാം. പന്നിയെ വെടിവച്ചു കഴിഞ്ഞാല്‍, വെടിവച്ചവര്‍ വനംവകുപ്പിനെ അറിയിക്കണമെന്നു മാത്രം.
കാട്ടുപന്നി ശല്യം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സംഭവിച്ചതു നേരെ വിപരീതം. ഇതോടെ വനംവകുപ്പ് ഉത്തരവാദിത്തത്തില്‍ നിന്നു തലയൂരുകയും ചെയ്തു. പഞ്ചായത്തുകളാകട്ടെ അനങ്ങാപ്പാറനയം തുടരുന്നു.