റബർ മാർക്കറ്റിംഗ് സൊസൈറ്റി: നിക്ഷേപകര്‍ക്ക് പണം നൽകാന് പുതിയ നീക്കം
1339671
Sunday, October 1, 2023 6:36 AM IST
വെള്ളരിക്കുണ്ട്: ജില്ലാ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നൽകുന്നതിനായി മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം തുടങ്ങി.
സ്ഥാപനത്തിന്റെ ഏതാനും ആസ്തികള്‍ ഏറ്റെടുക്കാന്‍ കേരള ബാങ്ക് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. കേരള ബാങ്കിന്റെ കടബാധ്യത തീര്‍ന്നാല്‍ സ്ഥാപനത്തിന് മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കാന്‍ തടസമുണ്ടാവില്ല. ഇത് ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നൽകാനാവുമെന്നാണ് പ്രതീക്ഷ. സൊസൈറ്റിയില്‍ സ്വീകരിച്ച സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുകോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത്.
ഇതിനായി സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകരുടെ സമരപരിപാടികളും നടന്നിരുന്നു. സ്ഥാപനത്തിന്റെ ഏതാനും ആസ്തികള്‍ വില്പന നടത്തി നിക്ഷേപകരുടെ പണം തിരികെ നല്‍കാനായിരുന്നു ഇതുവരെയുള്ള ശ്രമം.
എന്നാല്‍ സ്വത്തുക്കള്‍ വിൽക്കുന്നതിന് സഹകരണ വകുപ്പിന്റെ അനുമതി കിട്ടാതിരുന്നത് പ്രശ്നമായി. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ സഹകരണ സ്ഥാപനങ്ങളുടെ ആസ്തി ഇടപാടുകളുമായി ബന്ധപ്പെട്ട കര്‍ശനമായ സാമ്പത്തിക വ്യവസ്ഥകള്‍ മറ്റൊരു തടസമായി. ഈ വ്യവസ്ഥകളെല്ലാം പാലിച്ച് സ്വത്തുക്കള്‍ വാങ്ങാന്‍ പെട്ടെന്നാരും തയ്യാറായി വന്നതുമില്ല. ഇതിനിടയിലാണ് കേരള ബാങ്ക് തന്നെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയത്.
സൊസൈറ്റിയുടെ പേരില്‍ നേരത്തേ ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത നാലുകോടിരൂപയുടെ വായ്പയും അതിന്റെ പലിശയും ചേര്‍ത്ത് 8.37 കോടി രൂപയുടെ കടബാധ്യതയാണ് കേരള ബാങ്കുമായി ഉള്ളത്. ഇത് തീര്‍ക്കാനാണ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ ഭീമനടി മാങ്ങോട്ടുള്ള ഗോഡൗണും അനുബന്ധ കെട്ടിടങ്ങളും അര ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാന്‍ കേരള ബാങ്ക് നോട്ടീസ് നല്‍കിയത്.
നേരത്തേ വില്പന നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഈ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടാലും കടബാധ്യത തീരുന്നത് സൊസൈറ്റിക്ക് ഗുണകരമാകും. ഭീമനടിയിലെ ലാറ്റക്സ് ഫാക്ടറി ഉള്‍പ്പെടെ ലാഭകരമായി നടന്നുപോകുന്ന മറ്റ് ആസ്തികള്‍ സൊസൈറ്റിയുടെ കൈയില്‍ തന്നെ അവശേഷിക്കുകയും ചെയ്യും. ഇതോടെ സൊസൈറ്റിയെ ക്രമേണ വീണ്ടും ലാഭത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.