മാലിന്യമുക്തം നവകേരളം കാമ്പയിന്: യൂത്ത് ടീമും രംഗത്ത്
1339133
Friday, September 29, 2023 1:04 AM IST
കാസര്‍ഗോഡ്: മാലിന്യമുക്തം നവകേരളം കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ യുവതയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക തലം മുതല്‍ ജില്ലാതലം വരെ യൂത്ത് ടീം രൂപീകരിക്കും. ഒരു പഞ്ചായത്തില്‍ നിന്നും അഞ്ചു വീതം അംഗങ്ങള്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ അമ്പതംഗ ടീമിനെ കണ്ടെത്തി ഒക്ടോബര്‍ 15 നകം എല്ലാ വാര്‍ഡുകളിലും 50 അംഗങ്ങളുള്ള യൂത്ത് ടീമിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. വിവിധ യുവജന സംഘടനകള്‍, കുടുംബശ്രീ, ഗ്രന്ഥശാല സംഘം, യുവജനക്ഷേമ ബോര്‍ഡ്, നെഹ്റു യുവകേന്ദ്രം എന്നിവരില്‍ നിന്നുമുള്ള പ്രതിനിധികളാണ് യൂത്ത് ടീമിലുണ്ടാവുക.
നാളെ രാവിലെ 10 മുതല്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, കാറഡുക്ക ബ്ലോക്കുകളിലെയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെയും ടീമിന് പരിശീലനം നല്‍കും. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30നു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും പരിശീലനം നടക്കും.
2024 മാര്‍ച്ച് 31 നകം ജില്ല മാലിന്യമുക്തമാക്കുന്നതിനുള്ള വിവിധ കര്‍മപരിപാടികള്‍ വ്യാപകമായി സംഘടിപ്പിച്ചു വരികയാണ്. വിപുലമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍. പൊതു ഇടങ്ങളിലെയും പൊതു സ്ഥാപനങ്ങളിലെയും മാലിന്യം നീക്കി വൃത്തിയുള്ളതാക്കി മാറ്റല്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി 100 ശതമാനം യൂസര്‍ ഫീ ലഭ്യമാക്കല്‍, ജൈവ അജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ സജീവമാക്കല്‍, ഹരിതചട്ട പ്രകാരം ചടങ്ങുകള്‍ സംഘടിപ്പിക്കല്‍, ഹരിത കലാലയം, ഹരിത വിദ്യാലയം, ഹരിത ഓഫീസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഈ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുകയാണ് യൂത്ത് ടീം രൂപീകരണത്തിന്റെ ലക്ഷ്യമെന്ന് നവകേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റർ കെ.ബാലകൃഷ്ണന് പറഞ്ഞു.
ഒക്ടോബര്‍ ഒന്ന്, രണ്ട്
തീയതികളില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ വിപുലമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
പൊതു സ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുകയും വൃത്തിയുള്ള സ്ഥലമായി തുടര്‍ന്നും നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. 2024 ജനുവരി 26നു മുഴുവന്‍ പ്രദേശവും വൃത്തിയുള്ളതായി പ്രഖ്യാപിക്കാനുതകുന്ന കര്‍മപദ്ധതികള്‍ സംസ്ഥാന തലത്തില്‍ തയ്യാറാക്കി വരുന്നു.
എന്‍എസ്എസ് ടീമിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി ജില്ലയില്‍ 150 സ്നേഹാരാമങ്ങള്‍ നിര്‍മിക്കും. മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പച്ചതുരുത്തുകളോ, പൂന്തോട്ടങ്ങളോ, ഇരിപ്പിടങ്ങളോ ആക്കി മാറ്റുന്നതിനാണ് നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സ്നേഹാരാമം പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാമ്പയിന് സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു. സെക്രട്ടറിമാരുടെ യോഗത്തിന് തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ് നേതൃത്വം നല്കി. തദ്ദേശ ഭരണ അധ്യക്ഷന്മാര്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍, ജിഇഒ, വിഇഒ മാരുടെ യോഗം ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എ. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു. നവകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ കെ.വി. രഞ്ജിത് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
117.9 കിലോ പ്ലാസ്റ്റിക് പിടികൂടി; 3,97,500 രൂപ പിഴ ചുമത്തി
മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒറ്റദിവസം ജില്ലയിലൊട്ടാകെ 58 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 117.9 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 3,97,500 രൂപ പിഴ ചുമത്തി. അതില്‍ 47,500 രൂപ പരിശോധന സമയത്ത് തന്നെ ഈടാക്കി. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുക, കത്തിക്കുക, മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിടുക, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, വിതരണം എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും അസി.ഡയറക്ടര്‍മാരുടെയും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ജില്ലയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ഇത്തരം നിയമലംഘന നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ്് ഡയറക്ടര്‍ അറിയിച്ചു.