ഒടുവില്‍ സര്‍ക്കാര്‍ കണ്ണുതുറന്നു
1338922
Thursday, September 28, 2023 1:30 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് കോടതി വിധിച്ച നഷ്ടപരിഹാരം 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നല്കാന് സര്‍ക്കാര്‍ തീരുമാനം.
ചെറുവത്തൂര്‍ കാടങ്കോട്ടെ മല്ലക്കര കമലാക്ഷി (75)യെ തേടിയാണ് വൈകിയാണെങ്കിലും നീതിയെത്തിയത്. ഇന്നലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ അഡീ.ഗവ.പ്ലീഡര്‍ കെ.പി. അജയകുമാറാണ് നഷ്ടപരിഹാര തുകയായ എട്ടുലക്ഷം രൂപ പത്തുദിവസത്തിനുള്ളില്‍ കമലാക്ഷിക്ക് സര്‍ക്കാര്‍ കൈമാറുമെന്ന കാര്യം അറിയിച്ചത്.
നഷ്ടപരിഹാര തുക നല്കാന് സര്‍ക്കാര്‍ തയാറാകാത്തതിനെതുടര്‍ന്ന് സെപ്റ്റംബര്‍ 20നു ആര്‍ഡിഒയുടെ നാലുവര്‍ഷം പഴക്കമുള്ള സ്കോര്‍പിയോ കോടതി ജപ്തി ചെയ്തിരുന്നു.
1995 ജൂണ്‍ 23നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയയ്ക്കിടെയാണ് കമലാക്ഷിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്.
കാടങ്കോട് ഇസ്ലാമിയ എഎല്‍പി സ്കൂളിലെ കഞ്ഞിവെയ്പ് തൊഴിലാളിയായിരുന്ന കമലാക്ഷിക്ക് ശസ്ത്രക്രിയക്ക് വിധേയയാകുമ്പോള്‍ 47 വയസായിരുന്നു പ്രായം.
കാഴ്ച നഷ്ടപ്പെട്ടതോടെ ആ ജോലിയില്‍ തുടരാന്‍ കഴിയാതെയായി. ഇതേത്തുടര്‍ന്ന് മകള്‍ ബിന്ദുവാണ് ആ ജോലി ചെയ്യുന്നത്.
ചേച്ചി നാരായണി (80)ക്കൊപ്പമാണ് കമലാക്ഷിയുടെ താമസം. സഹോദരനായ റിട്ട.എക്സൈസ് ജീവനക്കാരന് നാരായണന്റെ സംരക്ഷണത്തിലാണ് ഇവര്‍ കഴിഞ്ഞുപോകുന്നത്.
സര്‍ക്കാര്‍ നഷ്ടപരിഹാരം പോലും നല്‍കാതിരുന്നതോടെ ഇവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് 1999 ലാണ്. വിധി വന്നത് 2018 ല്‍.
2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൊസ്ദുര്‍ഗ് സബ് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.
സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയും തള്ളി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാതായതോടെ പഴയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കമലാക്ഷി വീണ്ടും സബ് കോടതിയെ സമീപിച്ചത്.