വെല്‍ഡിംഗ് തൊഴിലാളിയുടെ മരണം: മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
1338921
Thursday, September 28, 2023 1:30 AM IST
തൃക്കരിപ്പൂര്‍: വീടിനകത്തെ കിടപ്പുമുറിയില്‍ വെല്‍ഡിംഗ് തൊഴിലാളിയായ ഗൃഹനാഥന് രക്തം വാര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍.
പരത്തിച്ചാലിലെ എം.വി. ബാലകൃഷ്ണന് മരിച്ച സംഭവത്തില്‍ മൈത്താനി വൈക്കത്തെ സി.കെ. രജീഷി(36)നെയാണ് ചന്തേര ഇന്‍സ്പെക്ടര്‍ ജി.പി. മനുരാജ്, എസ്ഐ എം.വി. ശ്രീദാസന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ 323, 447, 304 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച അര്‍ധ രാത്രി പ്രതി രജീഷ് ബാലകൃഷ്ണന് താമസിക്കുന്ന പരത്തിച്ചാലിലെ വീട്ടില്‍ എത്തുകയും ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു. ചെവിയുടെ ഭാഗത്ത് അടിയേറ്റ പാടുകളുണ്ട്. വീഴ്ചയില്‍ തറയിലിടിച്ച് ആഴത്തില്‍ മുറിവ് പറ്റുകയായിരുന്നു. മണിക്കൂറുകളോളം രക്തം വാര്‍ന്നതാണ് മരണകാരണം. മകളുടെ ഭര്‍ത്താവ് തന്നെ മര്‍ദിച്ചുവെന്ന് ബാലകൃഷ്ണന് രാത്രി തന്നെ പേക്കടത്തെ ഒരു സാമൂഹ്യപ്രവര്‍ത്തകനെ വിളിച്ച് പറഞ്ഞിരുന്നു. ഇതും രജീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തിന്റെയും മൊഴിയും സാഹചര്യ തെളികളും കണക്കിലെടുത്താണ് രജീഷിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ തെളിവെടുപ്പിനിടയില്‍ അലമാരയില്‍ സൂക്ഷിച്ച 1.36 ലക്ഷം രൂപ പോലീസിന് ലഭിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടിനടുത്ത് താമസിക്കുന്ന മൂത്ത സഹോദരനാണ് ബാലകൃഷ്ണന് താമസിക്കുന്ന വീടിന് മുന്നില്‍ രക്തം കട്ടപിടിച്ച് നില്ക്കുന്നതായി കണ്ട് വിവരം പോലീസിന് നല്‍കിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് ബാലകൃഷ്ണന് മരിച്ചനിലയില്‍ കണ്ടത്.