രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
1338123
Monday, September 25, 2023 1:13 AM IST
കാസര്‍ഗോഡ്: രണ്ടാമത് കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. ഒരു നാടിന്റെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷികമാണെന്നും കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടുകൂടിയുള്ള റെയില്‍ യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അസാധ്യമെന്ന് കരുതിയത് എല്ലാം ഭാരതം സാധിച്ചുകൊണ്ടിരിക്കുകയാണ്.
ചന്ദ്രയാന്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതും മിഷന് ആദിത്യയും എല്ലാം ഭാരതീയരുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സമസ്ത മേഖലയിലും രാജ്യത്ത് നാരീശക്തി ദൃശ്യമാണ്. സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. രാജ്യത്തെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റെയില്‍വേ ഗതാഗതത്തെ ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ വികസിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റെതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കിയ ചടങ്ങ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.അബ്ദുറഹ്മാന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാസര്‍ഗോഡ് നഗരസഭ ചെയര്മാന് വി.എം.മുനീര്‍, പാലക്കാട് ഡിആര്‍എം അരുണ്‍കുമാര്‍ ചതുര്‍വേദി എന്നിവര്‍ സംബന്ധിച്ചു.
ഇരിപ്പിടമില്ല,
ജനപ്രതിനിധികള്‍
ചടങ്ങ് ബഹിഷ്കരിച്ചു
കാസര്‍ഗോഡ്: രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഇരിപ്പിടം നല്‍കാത്തതില്‍ ജനപ്രതിനിധികളുടെ പ്രതിഷേധം. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാസര്‍ഗോഡ് നഗരസഭ ചെയര്മാന് വി.എം.മുനീര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ടായിരുന്നു. പ്രോഗ്രാം നോട്ടീസില്‍ കേന്ദ്രമന്ത്രി, മന്ത്രി, എംപി എന്നിവര്‍ക്കൊപ്പം പേരും നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നഗരസഭാ ചെയര്‍മാനും വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. എംഎല്‍എക്ക് ഇരിപ്പിടം ലഭിച്ചെങ്കിലും പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല.
ചടങ്ങിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയെങ്കിലും ഇരിപ്പിടമില്ലാത്തതിനാല്‍ തിരികെ ഇറങ്ങിപ്പോയി. ഇതു ശ്രദ്ധയില്‍പ്പെട്ട എന്‍.എ.നെല്ലിക്കുന്ന് ഇരുവര്‍ക്കുമൊപ്പം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയെ പ്രതിഷേധമറിയിച്ച് ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് സംസാരിച്ചു കഴിഞ്ഞതിനു ശേഷമാണ് എംഎല്‍എ വേദി വിട്ടിറങ്ങിയത്. വിളിച്ചുവരുത്തി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എംഎല്‍എ പറഞ്ഞു. വനിതാസംവരണ ബില്‍ ലോക്സഭ പാസാക്കിയിട്ടും സ്ത്രീകളെ വേദിയില്‍ കയറ്റാന്‍പോലും തയാറാകാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബേബി ബാലകൃഷ്ണന് പറഞ്ഞു.