കൗമാരക്കാര്‍ക്ക് കരുതലുമായി ‘മുകുളം’
1337759
Saturday, September 23, 2023 2:43 AM IST
ചീമേനി: കൗമാരക്കാരുടെ സമഗ്രമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ മുകുളം 3 പദ്ധതി. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലു വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കുട്ടികളുടെ സമഗ്ര മാനസിക ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പരിശീലനം നല്‍കും.
ജീവിത നൈപുണ്യവിദ്യാഭ്യാസം, ശാരീരിക മാനസികാരോഗ്യം, ലഹരിയുടെ ദൂഷ്യവശങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്കരണം നല്‍കും. ആരോഗ്യ വകുപ്പ് ജീവനക്കാരും ജനമൈത്രി പോലീസും വിഷയങ്ങള്‍ അവതരിപ്പിക്കും.
ശാരീരികമായ സ്വയം പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസിന്റെ പരിശീലനം. കൗമാരക്കാരുടെ മാനസിക പിരിമുറക്കങ്ങള്‍ കുറയ്ക്കാനും കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും കലാകാരന്മാരും ക്യാമ്പിലെത്തും.
സെപ്റ്റംബറില്‍ തുടങ്ങി മാര്‍ച്ച് വരെ 11 ക്യാമ്പുകളാണ് സംഘടിപ്പിക്കുക. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും മുകുളം പദ്ധതി നടപ്പാക്കിയിരുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്നു പദ്ധതി നടപ്പാക്കിയത്.
മുകുളം 3 യുടെ ഉദ്ഘാടനം കയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത് നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. ശശിധരന് അധ്യക്ഷത വഹിച്ചു.
മുകുളം 3 ക്രിയാത്മ കൗമാരം എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ മോട്ടിവേഷന്‍ ആന്‍ഡ് ലൈഫ് സ്കില്‍ ഡെവലപ്മെന്റ് എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രാജീവനും ലഹരി, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചു ചീമേനി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.വി. രാജേഷും ക്ലാസെടുത്തു.
തുടര്‍ന്ന് നാടക കലാകാരന് ഒ.പി. ചന്ദ്രന് കൗമാരക്കാരിലെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്ന തിയേറ്റര്‍ ഗെയിം സംഘടിപ്പിച്ചു.
കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും കുട്ടികളിലെ ആരോഗ്യ പരിശോധനയ്ക്ക് നേതൃത്വം നല്കി.