പോസ്റ്റില്‍ കയറാന്‍ ഏണി വേണ്ട; സ്കൈ ലിഫ്റ്റ് എത്തി
1337757
Saturday, September 23, 2023 2:43 AM IST
കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണിക്കായി കെഎസ്ഇബി ജീവനക്കാര്‍ ഇനി ഏണി ഉപയോഗിച്ച് പോസ്റ്റില്‍ കയറേണ്ട. ജോലിചെയ്യാന്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷിതത്വവും നല്കുന്ന "സ്കൈ ലിഫ്റ്റ്' എന്ന പുതിയ സംവിധാനം ജില്ലയിലുമെത്തി.
ഇത് ഉപയോഗിച്ച് വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണി പോസ്റ്റുകളില്‍ കയറാതെ ചെയ്യാം. ജില്ലയില്‍ ഒരു ലിഫ്റ്റാണ് ഉപയോഗിച്ചുതുടങ്ങിയത്. പ്രത്യേക വാഹനത്തിലാണ് ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ളത്. മുകളിലുള്ള ബക്കറ്റ് പോലെയുള്ള ഭാഗത്ത് മൂന്നു പേര്‍ക്ക് സുരക്ഷിതമായി
നിൽക്കാം. ലൈനിന്റെ അറ്റകുറ്റപ്പണിക്കും മരച്ചില്ലകള്‍ വെട്ടിമാറ്റാനും ഇത് ഉപയോഗിക്കാം. 18 മീറ്റര്‍ ഉയരത്തില്‍ വരെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനാകും. ചിത്താരി സെക്ഷനില്‍ ഇത് ഉപയോഗിച്ച് ഇന്നലെ ജോലിചെയ്തു. ചിത്താരി ടൗണിലായിരുന്നു ജോലി. കൂടുതല്‍ എണ്ണം എത്തുന്ന തോടെ വര്‍ധിച്ചുവരുന്ന വൈദ്യുതി ലൈനിലെ തകരാറുകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ കരുതുന്നത്. പോസ്റ്റുകള്‍ കയറിയുള്ള ജോലിക്കിടെ ഷോക്കേല്‍ക്കുകയും മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൈ ലിഫ്റ്റ് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.