കളക്ടറുടെ നിര്‍ദേശത്തെത്തുടർന്ന് പ്രധാനപാതകളിലെ കുഴികളടച്ചു
1337202
Thursday, September 21, 2023 6:39 AM IST
കാസര്‍ഗോഡ്: ജില്ലയിലെ വിവിധ റോഡുകളിലെ അപകട കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നല്കിയ നിര്‍ദ്ദേശം പരിഗണിച്ച് മൂന്നു മണിക്കൂറിനകം കുഴികള്‍ നികത്തി.
ചെര്‍ക്കള ടൗണില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് അടച്ചു. ചെര്‍ക്കള-കല്ലടുക്ക റോഡിലെ കുഴികളും അടച്ചു ഗതാഗതയോഗ്യമാക്കി. മേല്‍പ്പറമ്പ് ജംഗ്ഷന് സമീപം റീടാറിംഗ് ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ അടച്ചു.
ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ നിര്‍മാണപ്രവൃത്തി നടത്തിയ കരാറുകാരന് കുഴികള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴി അടച്ചു. ഈ റോഡില്‍ മണ്ണ് ഉയര്‍ന്ന് നില്ക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കി. കാസര്‍ഗോഡ് പ്രസ് ക്ലബ് ജംഗ്ഷന് സമീപം അപകടം നടന്ന് ഒരു വിദ്യാര്‍ഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റു കുഴികള്‍ നികത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാന പാതയിലെ കുഴികള്‍ മഴയുടെ ശക്തി കുറയുന്നതോടെ പൂര്‍ണമായും അടയ്ക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പള്ളിക്കര മേല്‍പ്പാലത്തിനും ചന്ദ്രഗിരിപ്പാലത്തിനും മുകളില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെര്‍ക്കള - ജാല്‍സൂര്‍ പാതയില്‍ ചെര്‍ക്കള മുതല്‍ കെകെപുറം വരെയുള്ള ഭാഗത്തുള്ള കുഴികള്‍ നികത്തുന്ന പ്രവൃത്തി അടുത്ത ദിവസം പൂര്‍ത്തീകരിക്കും.
കളക്ടര്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ അടിയന്തര യോഗം ഇന്നലെ ഉച്ചയ്ക്ക് 12ന് ചേംബറില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
അപകടമരണം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികള്‍ അടിയന്തരമായും അടച്ച് ഫോട്ടോ സഹിതം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ കേരള റോഡ്സ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പ്രദീപ്കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വി. മിത്ര, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുജിത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ കെ. രാജീവന്, പ്രകാശന് പള്ളിക്കുടിയന്‍, കെഎസ്ടിപി അസി.എന്‍ജിനിയര്‍ സി. ധന്യ എന്നിവര്‍ പങ്കെടുത്തു.