ബേക്കറി പലഹാരങ്ങളുമായി ബേഡഡുക്കയിലെ പെണ്‍കൂട്ടായ്മ
1337194
Thursday, September 21, 2023 6:39 AM IST
കുണ്ടംകുഴി: രുചിഭേദം കൊണ്ട് രസമുകുളങ്ങളെ കീഴടക്കുന്ന ബേക്കറി പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ബേഡഡുക്കയിലെ പെണ്‍കൂട്ടായ്മ തയ്യാറായിക്കഴിഞ്ഞു.
ബേഡകം എംപവേര്‍ഡ് ടീം അഥവാ "ബെറ്റ്' എന്ന ബ്രാന്‍ഡ് നെയിമില്‍ ബേക്കറി പലഹാരങ്ങള്‍ വിപണിയിലേക്ക് എത്തിക്കുകയാണ് ബേഡഡുക്ക പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കമ്പനി "ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി.'
21 ലക്ഷം രൂപ ചിലവില്‍ കൊളത്തൂര്‍, ചുരിക്കോട് ആരംഭിക്കുന്ന "ബെറ്റ് കഫെ' യില്‍ എല്ലാവിധ ബേക്കറി പലഹാരങ്ങളും, ഷവര്‍മ, പഫ്സ്, ചിക്കന്‍ റോള്‍ , സമൂസ, ബ്രെഡ്, ബണ്‍ എന്നിവയെല്ലാം ബ്രാന്‍ഡായി ലഭ്യമാകും. ആദ്യഘട്ടത്തില്‍ പത്ത് വനിതകളുടെ നേതൃത്വത്തിലാണ് ബേക്കറി യൂണിറ്റ് ആരംഭിക്കുന്നത്.
തുടക്കത്തില്‍ സമീപ പ്രദേശങ്ങളിലെ കടകളിലും നേരിട്ട് എത്തുന്ന ആവശ്യക്കാര്ക്കുമായിരിക്കും വില്പന നടത്തുക.
ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ബെറ്റ് കഫെയുടെ ലക്ഷ്യമെന്ന് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പറഞ്ഞു.
പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓഹരി ഉടമകളായ പ്രൊഡ്യൂസര്‍ കമ്പനിയാണ് ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി. കുടുംബശ്രീ ജില്ലാ മിഷന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ബേഡഡുക്ക സിഡിഎസിന് കീഴിലാണ് കമ്പനി രൂപീകരിച്ചത്.
കമ്പനിയുടെ നേതൃത്വത്തിലുള്ള നിരവധി പദ്ധതികള്‍ വിജയകരമായി നടത്തി വരികയാണ്. ആനന്ദമഠത്ത് 28 ഏക്കര്‍ സ്ഥലം എടുത്ത് ഹൈടെക് ഫാമുകള്‍, ടൂറിസം ഹട്ടുകള്‍, ഫാം ടൂറിസം, കണ്വൻഷന് സെന്റർ, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി ഒരു മാതൃകാ കാര്‍ഷിക ഗ്രാമത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ കമ്പനി തയ്യാറാക്കി കഴിഞ്ഞു.