ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ആദരം
1336947
Wednesday, September 20, 2023 6:55 AM IST
ബേക്കല്‍: ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പ്രഥമ എംഡിയും ഇപ്പോഴത്തെ ചെയര്‍മാനും ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിനെ ആദരിച്ചു. ബേക്കല്‍ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉപഹാരം നല്കി.
നാടിന്റെ വികസനത്തില്‍ തദ്ദേശീയരുടെ സഹകരണത്തിന് ബേക്കല്‍ പദ്ധതി ഉത്തമോദാഹരണമാണെന്നും ഉയര്‍ന്നുവരുന്ന സംശയങ്ങളെയും പരാതികളെയും സഹിഷ്ണുതയോടെ പരിശോധിക്കുന്നത് ഏതൊരു പദ്ധതിക്കും അനിവാര്യമാണെന്നും ഡോ. വി. വേണു പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വികസനത്തിന്റെ ദിശാസൂചികകള്‍ മാത്രമാണെന്നും തദ്ദേശീയരായവര്‍ വികസിപ്പിക്കുന്ന ചെറുതും വലുതുമായ സംരംഭങ്ങളാണ് ടൂറിസം കേന്ദ്രങ്ങളെ വിജയിപ്പിക്കുന്നതെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന് പ്രസംഗിച്ചു. ബിആര്‍ഡിസി എംഡി പി. ഷിജിന് സ്വാഗതവും മാനേജര്‍ കെ.എം. രവീന്ദ്രന് നന്ദിയും പറഞ്ഞു.