മുക്കടയില്‍ 400 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് ടെന്ഡറാകുന്നു
1336703
Tuesday, September 19, 2023 6:37 AM IST
നീലേശ്വരം: മുക്കട കേന്ദ്രമാക്കി തേജസ്വിനി പുഴയില്‍ നിന്നും വെള്ളം സംഭരിച്ച് ഏഴു പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി ജല്‍ജീവന്‍ മിഷനു കീഴില്‍ വന്‍കിട കുടിവെള്ള പദ്ധതിക്ക് ടെന്ഡറാകുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയോടുകൂടി 400 കോടി രൂപ ചെലവിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കുന്നതിന്റെ 50 ശതമാനം ചെലവ് കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം അതത് പഞ്ചായത്തും 10 ശതമാനം ഗുണഭോക്താവും വഹിക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുക.
ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ്, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളിലാണ് പദ്ധതിയില്‍ നിന്നും കുടിവെള്ള വിതരണം നടത്തുക. തൊട്ടടുത്തുള്ള ഉയര്‍ന്ന പ്രദേശമായ ചീമേനി പള്ളിപ്പാറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള കൂറ്റന്‍ ജലസംഭരണിയും ജലശുദ്ധീകരണകേന്ദ്രവും സ്ഥാപിക്കുക. ഇവിടെനിന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ച് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ നിടുമ്പയിലും പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് കുന്നിലും മറ്റു രണ്ട് ജലസംഭരണികളും സ്ഥാപിക്കും. ഇവിടങ്ങളില്‍ നിന്നാണ് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുക.
പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമായതോടെ കടുത്ത വേനലിലും മുക്കടയില്‍ ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നാണ് ജലവിഭവ വകുപ്പിന്റെ വിലയിരുത്തല്‍. സ്വാഗത് ഭണ്ഡാരി ജില്ലാ കളക്ടറായിരിക്കേയാണ് പദ്ധതി ആവിഷ്കരിച്ചത്. ജലസംഭരണിയും ജലശുദ്ധീകരണകേന്ദ്രവും സ്ഥാപിക്കാന്‍ പള്ളിപ്പാറയില്‍ 1.6 ഏക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ജല അഥോറിറ്റി എംഡി ആയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംവയ്ക്കുകയായിരുന്നു.