കാഞ്ഞങ്ങാട്: നെല്‍കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ത്തെന്ന മന്ത്രി പി.പ്രസാദിന്റെ അവകാശവാദം കള്ളമാണെന്ന് അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയിലൂടെ വെളിവായ സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
റബര്‍ വിലയിടിവിന്റെ ഉത്തരവാദിത്വം ആസിയാന്‍ കരാറിന്റെയും കേന്ദ്രത്തിന്റെയും തലയില്‍ ചാരിയ സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരത ഫണ്ടില്‍ അനുവദിച്ച 500 കോടിയില്‍ 70 കോടി മാത്രം നല്കി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഉഡുപ്പി-കരിന്തളം-വയനാട് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്ന മുഴുവന്‍ സ്ഥലത്തിനും ദേശീയപാത മാതൃകയില്‍ നഷ്ടപരിഹാരം നല്കുന്നില്ലെങ്കില് പ്രത്യക്ഷസമരത്തിനിറങ്ങാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഒ.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സോജന് കുന്നേല്‍, കെ.എ.ജോയ്, അശോക് ഹെഗ്ഡെ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ടിറ്റോ ജോസഫ്, സി.വി.ബാലകൃഷ്ണന്, ഏബ്രഹാം കാരക്കാട്, സി.പ്രഭാകരന്, പി.ബാലകൃഷ്ണന്, കേളു മണിയാണി, കെ.പുരുഷോത്തമന്, വസന്തരാജ്, സി.വി.ബാബു, ഗണേഷ് ഭണ്ഡാരി, ലോകനാഥ് ഷെട്ടി, പി.കരുണാകരന്, പി.എ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.