പരിഹാരമുണ്ടാകുമോ മലയോരത്തെ യാത്രാദുരിതത്തിന് ?
1336486
Monday, September 18, 2023 1:59 AM IST
കാഞ്ഞങ്ങാട്: കോവിഡ് തീര്‍ത്ത മഹാമാരിക്കാലം ഓര്‍മ്മയായതോടെ സ്വകാര്യ ബസ് വ്യവസായത്തിന് വീണ്ടും പുതുജീവന്‍. യാത്രാസൗകര്യങ്ങളില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ഉള്‍പ്പെടെ നിരവധി പുതിയ ബസ് പെര്‍മിറ്റുകളാണ് തിങ്കളാഴ്ച നടക്കുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി യോഗത്തില്‍ അനുമതി കാത്ത് കിടക്കുന്നത്.
യാത്രാക്ലേശം രൂക്ഷമായ മലയോര മേഖലകളില്‍ നിന്നാണ് അപേക്ഷകരില്‍ ഏറെയും. തയ്യേനി-ചെറുപുഴ-ഒടയംചാല്‍-പാണത്തൂര്‍, മുള്ളേരിയ-ബദിയടുക്ക-കുമ്പള, വെള്ളച്ചാല്‍- രാജപുരം-ബന്തടുക്ക, തലപ്പച്ചേരി-അഡൂര്‍-ഉദയപുരം-കാഞ്ഞങ്ങാട്, മുണ്ട്യത്തടുക്ക-കാസര്‍ഗോഡ്-ബദിയടുക്ക- കയാര്പടവ് എന്നിങ്ങനെ ആകെ 12 അജണ്ടകളാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനായ യോഗം പരിഗണിക്കുന്നത്. യാത്രാ സൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ഒടയംചാല്‍- ഉദയപുരം റൂട്ടിലേക്കുള്ള അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം മറ്റു പല പ്രദേശങ്ങളിലെയും അപേക്ഷകള്‍ കാലങ്ങളായി പരിഹരിക്കപ്പെട്ടില്ലെന്ന പരാതിയും അപേക്ഷകരിലുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന പാലമായ ആയംകടവിലൂടെ പുതിയ പെര്‍മിറ്റിനുള്ള അപേക്ഷ മാസങ്ങളായി നടപടി കാത്ത് കിടക്കുകയാണ്. പെര്‍മിറ്റുണ്ടാക്കി വര്‍ഷങ്ങളോളം സര്‍വീസ് നടത്താതിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കെതിരെയും വ്യാപകമായി പരാതി ഉയരുന്നുണ്ട്. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് ഇവര്‍ സര്‍വീസ് നടത്താതിരിക്കുന്നത്. പുതിയ അപേക്ഷകള്‍ എത്തുമ്പോള്‍ നിയമ കുരുക്കുണ്ടാക്കി ഇതിന് തടയിടുകയും ചെയ്യും.
സാധാരണക്കാര്‍ക്ക് ദുരിതമാകുന്ന ഇത്തരം പെര്‍മിറ്റുകള്‍ കാന്‍സല്‍ ചെയ്യണമെന്നും പുതിയ സര്‍വീസ് തുടങ്ങാന്‍ അധികൃതര്‍ പ്രോത്സാഹനം നല്‍കണമെന്നുമാണ് മറ്റു ബസുടമകള്‍ പറയുന്നത്. സര്‍ക്കാരിന് ലക്ഷങ്ങളുടെ നികുതി വരുമാനവും ഇവരിലൂടെ നഷ്ടമാകുന്നുണ്ട്.