തീരവികസനത്തിന് കേന്ദ്ര സഹായം അനിവാര്യം: മന്ത്രി സജി ചെറിയാന്
1301318
Friday, June 9, 2023 1:11 AM IST
ചെറുവത്തൂർ: സംസ്ഥാനത്തെ തീര മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യവും കേരളത്തിന് ലഭിക്കുന്ന കേന്ദ്ര പദ്ധതികളും തമ്മില്‍ പരിശോധിച്ചാല്‍ വളരെയേറെ പിന്തുണയും സഹായവും ഇനിയും ആവശ്യമുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല മടക്കര ഹാര്‍ബര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേന്ദ്രമന്ത്രി എത്താതിരുന്നതിനാല്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
തീരമേഖലയുടെ വികസനത്തിനായി വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുള്ളത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായേക്കാം. പക്ഷെ കേരളത്തിന്റെ പൊതുവായ വികസനത്തിന് പ്രത്യകിച്ച് മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വലിയ തരത്തിലുള്ള സഹായമുണ്ടാകുമെന്ന നിലപാട് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. അതിന്റെ ഭാഗമായി ധാരാളം കര്‍മ പദ്ധതികള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാന് പറഞ്ഞു. ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് ധാരാളം പദ്ധതികള്‍ സംസ്ഥാനം ഇതിനകം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
ആ പദ്ധതികള്‍ക്കെല്ലാം കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ സന്ദര്‍ശനത്തോടെ സഹായകരമായ നിലപാട് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എം.രാജഗോപാലന്‍ എംഎല്‍എ, ദേശീയ മത്സ്യ വികസന ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഡോ.സി.സുവര്‍ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.പ്രമീള, വി.വി.സജീവൻ, പി.വി. മുഹമ്മദ് അസ്ലം, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖർ, ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എൻ.എസ്. ശ്രീലു, ഹാര്‍ബര്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ മുഹമ്മദ് അന്‍സാരി എന്നിവര്‍ പങ്കെടുത്തു.