ജില്ലയെ വരള്ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കാന് ആവശ്യപ്പെടും
1300762
Wednesday, June 7, 2023 12:59 AM IST
കാസര്ഗോഡ്: വരള്ച്ച രൂക്ഷമായ കാസര്ഗോഡ് ജില്ലയെ വരള്ച്ചാ ബാധിതമായി പ്രഖ്യാപിക്കാന് സര്ക്കാരിനോട് ആവശ്യപ്പെടാന് ജില്ലാ ആസൂത്രണ സമിതിയില് തീരുമാനം.
ജില്ലയുടെ വിവിധ മേഖലകളില് വരള്ച്ച രൂക്ഷമായിരിക്കുകയാണ്. സ്കൂളുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. പല കുടിവെളള സ്രോതസുകളും വറ്റിവരണ്ടു.
ഈ സാഹചര്യത്തിലാണ് ജില്ലയെ വരള്ച്ചാബാധിതമാക്കണമെന്ന ആവശ്യം യോഗത്തില് ഉയര്ന്നത്. ജില്ലയിലെ വരള്ച്ചാ പ്രശ്നവും കുടിവെള്ള ക്ഷാമവും ചര്ച്ച ചെയ്യാന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില് കെഎസ്ഇബി, ഭൂജല വകുപ്പ്, വാട്ടര് അതോറിറ്റി എന്നിവരുടെ യോഗം വിളിച്ചു. 13നു രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് യോഗം.
സംസ്ഥാന സര്ക്കാര് പ്രാഥമിക പരിഗണന നല്കുന്ന മാലിന്യ നിര്മാര്ജന പ്രവര്ത്തനങ്ങള്ക്ക് തദ്ദേശ സ്ഥാപനങ്ങള് പദ്ധതികള് രൂപീകരിക്കുമ്പോള് പ്രാഥമിക പരിഗണന നല്കണമെന്ന് ജില്ലാ കളക്ടര് കെ. ഇമ്പശേഖര് യോഗത്തില് അറിയിച്ചു.
മാലിന്യ സംസ്കരണം അടിയന്തര പ്രശ്നമായി നിലനില്ക്കുന്ന സാഹചര്യത്തില് പഞ്ചായത്തുകളുടെ ഫണ്ടില് ഇതിനായി എത്ര തുക മാറ്റിവച്ചുവെന്ന് വ്യക്തമാക്കണമെന്നും കളക്ടര് നിര്ദേശിച്ചു.