കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചതായി ആക്ഷേപം
1299187
Thursday, June 1, 2023 1:06 AM IST
പനത്തടി: ഏറ്റെടുത്ത പ്രവൃത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കാതെ പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഭരണപക്ഷത്തെ ചില അംഗങ്ങള്‍ അട്ടിമറിച്ചതായി പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ആരോപണം. കോണ്‍ഗ്രസ് അംഗങ്ങളായ കെ.ജെ.ജയിംസ്, എൻ.വിന്‍സെന്റ്, ബിജെപിയിലെ കെ.കെ.വേണുഗോപാല്‍ എന്നിവരാണ് ആരോപണമുന്നയിച്ചത്. പഞ്ചായത്തിന്റെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന റെജി എന്ന കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കരാറുകാരന് നോട്ടീസ് നല്‍കിയതിനു പിന്നാലെ ഇയാള്‍ ചില ഭരണപക്ഷ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് പ്രവൃത്തികള്‍ തുടര്‍ന്നു നടത്താന്‍ അനുമതി നേടുകയായിരുന്നുവെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് കരാറുകാരന് തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കംനടത്തിയ പഞ്ചായത്തംഗങ്ങളെ അധിക്ഷേപിച്ചതായും കെ.ജെ.ജയിംസ് ആരോപിച്ചു.പാണത്തൂർ-മൈലാട്ടി റോഡ് വികസനത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷവും വകയിരുത്തിയ ആറുലക്ഷം രൂപ കരാറുകാരന് പണി പൂര്‍ത്തിയാക്കാത്തതുമൂലം ലാപ്സായതു ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. മൂന്നുലക്ഷം രൂപ അനുവദിച്ച ചാമുണ്ടിക്കുന്ന്- കിഴക്കേ തുമ്പോടി റോഡ് വികസനവും ഇതേ കരാറുകാരനാണ് ഏറ്റെടുത്തിരിക്കുന്നത്.