നാളെ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂളുകളില്‍ ജലക്ഷാമം രൂക്ഷം
1298891
Wednesday, May 31, 2023 5:23 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ഈ വര്‍ഷം പുതുതായി സ്കൂളിലെത്തുന്ന ഓരോ കുട്ടിയും പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ പറമ്പില്‍ ഒരു തൈ നടണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശം. മിക്ക സ്കൂളുകളിലും വേനല്‍ച്ചൂടില്‍ പാറപോലെ ഉറച്ച മണ്ണില്‍ ഇതിനായി കുഴികളൊരുങ്ങിക്കഴിഞ്ഞു. എന്നാല്‍ തൈ നടുന്നതു പോയിട്ട് കൈ നനയ്ക്കാന്‍പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് പല സ്കൂളുകളും. മിക്കവാറും അടുത്ത ദിവസം വാടിക്കരിഞ്ഞ തൈകളെ കാണിച്ചുകൊടുത്ത് സസ്യങ്ങള്‍ വളരാന്‍ വെള്ളം എത്രത്തോളം അത്യാവശ്യമാണെന്ന ആദ്യപാഠം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടിവരും.
സംസ്ഥാനത്ത് വേനല്‍മഴയുടെ കാര്യത്തില്‍ ഏറ്റവുമധികം കുറവുണ്ടായ ജില്ലയാണ് കാസര്‍ഗോഡ്. ജില്ലയില്‍ പലയിടങ്ങളിലും വേനല്‍മഴ പെയ്തിട്ടേ ഇല്ലെന്നുതന്നെ പറയാം. മറ്റിടങ്ങളിലും താരതമ്യേന കുറഞ്ഞ അളവിലാണ് കിട്ടിയത്. അതുകൊണ്ടുതന്നെ സമീപകാലങ്ങളിലൊന്നുമുണ്ടാകാത്ത തരത്തിലുള്ള ജലക്ഷാമമാണ് മിക്കയിടങ്ങളിലും അനുഭവപ്പെടുന്നത്. രണ്ടുമാസം അവധിയായതുകൊണ്ടാണ് അതിന്റെ രൂക്ഷത ഇതുവരെ സ്കൂളുകളില്‍ അറിയാതിരുന്നത്. പല സ്കൂളുകളിലും കിണറുകളും കുഴല്‍കിണറുകളും പോലും വറ്റിയ നിലയിലാണ്.
പല സ്ഥലങ്ങളിലും ജല അഥോറിറ്റിയുടെയും ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെയും കീഴിലുള്ള കുടിവെള്ള വിതരണം താളംതെറ്റിയതിനാല്‍ പഞ്ചായത്തുകള്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കുന്ന അവസ്ഥയാണ്. വരുംദിവസങ്ങളില്‍ സ്കൂളുകളിലേക്കു വേണ്ടിയും വാഹനങ്ങളില്‍ വെള്ളമെത്തിക്കേണ്ടിവരും. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ മുതല്‍ ഉച്ചക്കഞ്ഞിക്കു വരെ വെള്ളം വേണ്ടിവരും. പലയിടങ്ങളിലും സ്കൂള്‍ തുറക്കുന്നതിനു മുമ്പ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പോലും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു.
സ്കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി വിദ്യാലയങ്ങളിലെ കുടിവെള്ളക്ഷാമം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരില്‍നിന്നും ഉപജില്ലാ ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജലക്ഷാമം നേരിടുന്ന സ്കൂളുകളില്‍ പിടിഎ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും അതിന് സാധിക്കാതെ വന്നാല്‍ ഡിഡിഇയും കളക്ടറുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം.
കടുത്ത വേനല്‍ച്ചൂടിന്റെയും കുടിവെള്ളക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ മഴ വരുന്നതുവരെ ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജില്ലയില്‍ മാത്രമായി അങ്ങനെ ചെയ്യാനാവില്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇടപെട്ട് സ്കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്നുമാണ് ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.