പാര്ശ്വഭിത്തി നിര്മിച്ചില്ല, ചിറ്റാരിക്കാൽ-കടുമേനി റോഡില് മണ്ണിടിച്ചില്
1298220
Monday, May 29, 2023 12:50 AM IST
ചിറ്റാരിക്കാൽ: മെക്കാഡം ടാറിംഗ് പൂര്ത്തിയായിട്ടും പാര്ശ്വഭിത്തി നിര്മിക്കാത്തത് ചിറ്റാരിക്കാൽ-കടുമേനി-കമ്പല്ലൂര് റോഡിന് വിനയാകുന്നു. രണ്ടു വേനല്മഴകള് കിട്ടിയപ്പോള്തന്നെ കാര വളവില് റോഡില്നിന്നും മണ്ണിടിച്ചിലുണ്ടാകുന്ന അവസ്ഥയാണ്. ഇങ്ങനെ തുടര്ന്നാല് മഴക്കാലം ശക്തിപ്രാപിക്കുമ്പോഴേക്കും മലയോരഹൈവേയില് സംഭവിച്ചതുപോലെ ടാറിട്ട ഭാഗത്തിന്റെ അടിയില്നിന്നുപോലും മണ്ണിടിച്ചിലുണ്ടായി റോഡില് വിള്ളലുകള് വീഴാനിടയുണ്ട്. ഇതോടെ റോഡിന് തൊട്ടുതാഴെ താമസിക്കുന്ന കുടുംബങ്ങളും ആശങ്കയിലാണ്.
റോഡിന്റെ പ്രവൃത്തി തുടങ്ങിയപ്പോള്തന്നെ ഈ ഭാഗത്ത് പാര്ശ്വഭിത്തി നിര്മിക്കണമെന്ന ആവശ്യം ശക്തമായി ഉയര്ന്നതാണ്. എന്നാല് എല്ലാം അധികൃതരുടെ ഭാഗത്തുനിന്നുള്ള ഉറപ്പുകളില് ഒതുങ്ങി. റോഡിന്റെ മറ്റു പല ഭാഗങ്ങളിലും മണ്ണിടിച്ചില് ഭീഷണിയുണ്ടെന്ന് നാട്ടുകാര് പറയുന്നു.
മണ്ണിടിച്ചിലുണ്ടായ കാര വളവിനോടടുത്ത സ്ഥലങ്ങള് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി സന്ദര്ശിച്ചു. പ്രശ്നം പരിഹരിക്കാന് അടിയന്തിര നടപടികള് സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.