കുടിവെള്ള ക്ഷാമം രൂക്ഷം
1298216
Monday, May 29, 2023 12:50 AM IST
ബദിയടുക്ക: ന്യൂറോളജി ഉള്പ്പെടെ വിവിധ ഒപി വിഭാഗങ്ങളായി പ്രവര്ത്തിക്കുന്ന ഗവ. മെഡിക്കല് കോളജില് കുടിവെള്ളക്ഷാമം രൂക്ഷമായി. കിടത്തിച്ചികിത്സയില്ലെങ്കിലും ഒപിയില് ചികിത്സ തേടിയെത്തുന്ന എന്ഡോസള്ഫാന് ദുരിതബാധിതരുള്പ്പെടെയുള്ളവര്ക്ക് പ്രാഥമിക ആവശ്യങ്ങള്ക്കുപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. വെള്ളമില്ലാത്തതുമൂലം ആശുപത്രിയിലെ മിക്ക ശുചിമുറികളും അടച്ചിട്ടിരിക്കുകയാണ്.
അട്ക്കസ്ഥലയിലെ പുഴയില് നിന്നാണ് ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നതെന്നും ഇപ്പോള് അവിടം വറ്റിവരണ്ടതോടെയാണ് ജലവിതരണം നിലച്ചതെന്നും ജലവിഭവവകുപ്പ് അധികൃതര് പറയുന്നു.
ആശുപത്രി അധികൃതര് പ്രശ്നം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്പെടുത്തിയിരുന്നു. എന്നാല് പ്രശ്നം പരിഹരിക്കാനുള്ള നിര്ദേശം മാത്രം ബദിയടുക്ക പഞ്ചായത്തിന് കൈമാറി അവര് കൈയൊഴിഞ്ഞു. ജലവിതരണം ഒരുക്കുന്നതിനുള്ള സാമ്പത്തികബാധ്യത ആരു വഹിക്കുമെന്ന കാര്യത്തില് കൃത്യമായ ഉത്തരവ് കിട്ടാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ആശുപത്രി കോമ്പൗണ്ടിലുള്ള ഏക കുഴല്കിണറില് നിന്നുള്ള വെള്ളം മാത്രമാണ് ഇപ്പോള് ഡോക്ടര്മാരും ജീവനക്കാരും രോഗികളുമുള്പ്പെടെ എല്ലാവരുടെയും ആവശ്യത്തിന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ കടുത്ത നിയന്ത്രണങ്ങളോടെയാണ് വെള്ളം ഉപയോഗിക്കുന്നത്. മഴ ഇനിയും വൈകിയാല് കുഴല്കിണറിലെ വെള്ളവും നിലയ്ക്കുമോയെന്ന ആശങ്കയും ആശുപത്രി അധികൃതര്ക്കുണ്ട്. അങ്ങനെയായാല് ആശുപത്രി അടച്ചിടുകയല്ലാതെ മറ്റു വഴിയില്ലാതാകും.