പള്ളിക്കര മേല്പ്പാലം റെഡി
1298215
Monday, May 29, 2023 12:50 AM IST
നീലേശ്വരം: റെയില്വേ ഗേറ്റ് കടന്നുകിട്ടാന് പൊടിയും വെയിലുമേറ്റുള്ള കാത്തുകിടപ്പ്, സാങ്കേതിക തടസങ്ങളില്പ്പെട്ട് എട്ടുമാസത്തോളം നിര്മാണം നിലച്ച പ്രതിസന്ധി, വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിഷേധങ്ങൾ, ഓരോ ഘട്ടത്തിലും എംപിയുടെ ഇടപെടൽ.
ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേല്പാലം നിര്മാണം പൂര്ത്തിയാകാനുള്ള അഞ്ചുവര്ഷത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. ജൂണ് രണ്ടു മുതല് മേല്പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില് വാഹനങ്ങള് കടത്തിവിടും.
ഇതോടെ ദേശീയപാതയില് മുംബൈക്കും കന്യാകുമാരിക്കും ഇടയിലുള്ള ഏക റെയില്വേ ഗേറ്റാണ് ഇല്ലാതാകുന്നത്. ആദ്യഘട്ടത്തില് ഒരു വശത്തു കൂടിയാണു വാഹനങ്ങള് കടത്തിവിടുക.
ഭാരവണ്ടികള് കടത്തിവിടും മുന്പുള്ള ലോഡ് ടെസ്റ്റിംഗ് പൂര്ത്തിയായി.
പാലത്തിനു മധ്യത്തില് റെയില്പാളത്തിനു മുകളിലൂടെ നിര്മിച്ച സ്പാനുകള്ക്കു മുകളില് 32 ടണ് വീതം ഭാരം നിറച്ച എട്ടു വാഹനങ്ങള് ഒരേ സമയം 24 മണിക്കൂര് നേരം നിര്ത്തിയിട്ടാണ് ലോഡ് ടെസ്റ്റിംഗ് നടത്തിയത്. പാലത്തിലെ റോഡ് ടാറിംഗ് പൂര്ത്തിയായി.
ഇരുവശങ്ങളിലുമായി 42 വിളക്കുകാലുകളും സ്ഥാപിച്ചു. പാലത്തില് ഒന്നര മീറ്റര് വീതിയില് നടപ്പാതയുമുണ്ട്. 68 കോടി രൂപ ചെലവില് നിര്മിച്ച മേല്പ്പാലത്തില് പെയിന്റിങ്ങും റോഡ് മാര്ക്കിംഗുമാണ് ഇനി ശേഷിക്കുന്നത്.
സമീപന റോഡ് നിര്മാണവും തകൃതിയിലാണ്. 2018ലായിരുന്നു പള്ളിക്കര മേല്പ്പാലം നിര്മാണം തുടങ്ങിയത്. കോവിഡ് കാലം, കനത്ത മഴ, സാങ്കേതികാനുമതികളിലെ കാലതാമസം എന്നിവ മൂലം മാസങ്ങളോളം പാലം പണി മുടങ്ങിയിരുന്നു. 2022 ഫെബ്രുവരി മുതല് എട്ടുമാസത്തോളം നിര്മാണം തുടരാന് റെയില്വേ അനുമതിക്കായി കാത്തുകിടന്നു. രാജ്മോഹന് ഉണ്ണിത്താന് എംപിയുടെ ഇടപെടല് നിര്മാണം പുനരാരംഭിക്കാനും പ്രവൃത്തികള്ക്ക് വേഗത കൈവരിക്കാനും തുണയായി. ദേശീയപാതയിലെ അഴിയാക്കുരുക്കാണ് മേല്പാലം യാഥാര്ഥ്യമാകുന്നതോടെ ഇല്ലാതാകുന്നത്.ട്രെയിനുകള് കടന്നുപോകുമ്പോള് വാഹനങ്ങളുടെ നിര തെക്ക് കാര്യങ്കോട് പാലത്തോളവും വടക്ക് കരുവാച്ചേരി വരെയും നീണ്ടുപോകാറുണ്ട്.
അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കും കണ്ണൂരിലേക്കും പോകുന്ന ആംബുലന്സുകളടക്കം റെയില്വേ ഗേറ്റിന് മുന്നില് കാത്തുനില്ക്കേണ്ട ഗതികേടിലായിരുന്നു.