രാജപുരം: കള്ളാര്‍ പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൈനിക്കര ജോയ്സ് ഹോംസ്റ്റേയില്‍ സംഘടിപ്പിച്ച രോഗീസംഗമം രാജപുരം ഫൊറോനാ വികാരി ഫാ ബേബി കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥയില്‍ ഏറെ നാളുകളായി വീടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മുപ്പതോളം പേരും അവരുടെ സഹായികളും പങ്കെടുത്തു.
സൊസൈറ്റി പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ജെ മത്തായി, ഫാ.ജോര്‍ജ് പഴയപറമ്പിൽ, കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു, പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു, അജയകുമാർ, മുനീസ അമ്പലത്തറ എന്നിവര്‍ സംബന്ധിച്ചു. സാന്ത്വനചികിത്സാ പ്രവര്‍ത്തനങ്ങളില്‍ പന്ത്രണ്ടു വര്‍ഷമായി സജീവമായ ഫിലിപ്പോസ് മെത്താനത്തിനെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും ബാലചന്ദ്രന് കൊട്ടോടിയുടെ മാജിക് വിസ്മയവും നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം രോഗികള്‍ക്ക് സമ്മാനങ്ങള്‍ നല്കി വീടുകളില്‍ തിരിച്ചെത്തിച്ചു.