പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിച്ചതായി ആക്ഷേപം
1298014
Sunday, May 28, 2023 7:03 AM IST
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിത്തട്ടില് ബ്ലോക്ക് പഞ്ചായത്ത് നിര്മിച്ച വയോജനകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിച്ചതായി ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്റെ പേര് ഫലകത്തില് ഉള്പ്പെടുത്തിയിട്ടുണ്ടെങ്കിലും പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. എല്ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളില് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റിനെ നിരന്തരം അവഗണിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്ത്തുമെന്നും യുഡിഎഫ് മണ്ഡലം ഭാരവാഹികളും പഞ്ചായത്തംഗങ്ങളും പത്രസമ്മേളനത്തില് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് വി.കെ.രാജന് നായർ, യുഡിഎഫ്. നേതാക്കളായ ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, മാത്യു കളത്തൂർ, എം.അബൂബക്കര്, ജോയ് കിഴക്കരക്കാട്ട്, പഞ്ചായത്തംഗങ്ങളായ എം.വി.ലിജിന, മോളിക്കുട്ടി പോൾ, ടി.എ.ജെയിംസ് എന്നിവര് പങ്കെടുത്തു.
അതേസമയം എളേരിത്തട്ടിലെ വയോജനകേന്ദ്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് യുഡിഎഫ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പറഞ്ഞു. ക്ഷണക്കത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം വഴിയാണ് നല്കിയത്. പ്രസിഡന്റിനെ പലതവണ ഫോണില് ബന്ധപ്പെട്ടെങ്കിലും സംസാരിക്കാന് സാധിച്ചില്ല. അവര് തിരിച്ചു വിളിക്കുകയും ഉണ്ടായില്ല.