കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ചത് 217 അപേക്ഷകള്‍
1297236
Thursday, May 25, 2023 1:01 AM IST
കാഞ്ഞങ്ങാട്: തീരസദസിന്റെ ഭാഗമായി മണ്ഡലത്തിലെ മത്സ്യതൊഴിലാളികളില്‍ നിന്നും ആകെ ലഭിച്ചത് 217 അപേക്ഷകൾ. കുടിവെള്ള പ്രശ്നം, പട്ടയം, വൈദ്യുതി, മാലിന്യപ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ഇവയെല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നൽകി. കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി റസ്ക്യൂ ഫോഴ്സിനെയും സ്പീഡ് ബോട്ടുകളും ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇപ്പോള്‍ ജില്ലയിലാകെ ഒരു റസ്ക്യൂ ഫോഴ്സ് മാത്രമാണ് ഉള്ളത്. അജാനൂരില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിന് പൂണെയില്‍ നിന്നുള്ള സംഘത്തെ നിയോഗിച്ചതായും സെപ്റ്റംബറില്‍ ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പണി തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തും കൃത്യമായ വിലയും ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടാകണമെന്ന് പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം മന്ത്രിയോടാവശ്യപ്പെട്ടു.