മത്സ്യത്തൊഴിലാളി മേഖലയില്‍ വിദ്യാഭ്യാസത്തിലൂടെ മാറ്റമുണ്ടാകണം: മന്ത്രി സജി ചെറിയാന്
1297232
Thursday, May 25, 2023 1:01 AM IST
കാഞ്ഞങ്ങാട്: മീന്‍പിടിത്തവും മീന്‍ വില്പനയും മാത്രമാണ് മത്സ്യതൊഴിലാളികള്‍ക്ക് പറഞ്ഞിട്ടുള്ളതെന്ന ധാരണ മാറണമെന്നും വിദ്യാഭ്യാസത്തിലൂടെ മാറ്റം വേണമെന്ന ബോധ്യത്തിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളെത്തണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. തീരദേശമേഖലയുടെയും മത്സ്യതൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന തീരസദസിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലംതല പരിപാടി മീനാപ്പീസ് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് ഏതു തലം വരെയും സൗജന്യമായി പഠിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് കോളജുകളില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും ഹൈടെക് ആക്കി. പഠിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ വീട്ടില്‍ മറ്റൊരു തൊഴില്‍ കൂടി സാധ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്നും കടലില്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ ഏഴു വര്‍ഷക്കാലത്തിനിടയില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ മാത്രം പതിനൊന്നായിരം കോടി രൂപ ചെലവഴിച്ചു. ഇതിന്റെ ഭാഗമായി തീരദേശ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കാനാണ് തീരസദസ്സുകള് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഏഴുവര്‍ഷം കൊണ്ട് 10,600 വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ചു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുനര്‍ഗേഹം പദ്ധതിക്കായി 450 കോടി രൂപയാണ് മാറ്റിവെച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി.ഡയറക്ടര്‍ എൻ.എസ്.ശ്രീനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, കൗണ്‍സിലര്‍മാരായ കെ.കെ.ജാഫർ, കെ.കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, മത്സ്യഫെഡ് ചെയര്മാന് ടി.മനോഹരൻ, മത്സ്യ ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീർ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ.പി.സതീഷ്, മത്സ്യത്തൊഴിലാളി ഫെഡറേഷന് (സിഐടിയു) ജില്ലാ സെക്രട്ടറി വി.വി.രമേശൻ, കെ.പി.ബാലകൃഷ്ണന്, സി.കെ.ബാബുരാജ്, കെ.കെ.ബദറുദീൻ, കെ.സി.പീറ്റര്‍, വി.വെങ്കിടേഷ്, വസന്തകുമാര്‍ കാട്ടുകുളങ്ങര, യു.കെ.ജയപ്രകാശൻ, എം.പ്രശാന്ത്, ജെറ്റോ ജോസഫ്, സി.എസ്.തോമസ്, കെ.സി.മുഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, രതീഷ് പുതിയപുരയിൽ, വി.കെ.രമേശന്, കെ.രവീന്ദ്രന്, കാറ്റാടി കുമാരൻ, എച്ച്.കെ.അബ്ദുള്ള, ശരത് മരക്കാപ്പ്, എ.സുരേഷ്, പി.സുരേഷ്, കെ.വി.സുഹാസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി 17 പേര്‍ക്ക് 10,000 രൂപ വീതവും മരണാനന്തര ധനസഹായമായി മൂന്നുപേര്‍ക്ക് 75,000 രൂപ വീതവും അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നതിനുശേഷം മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും വിതരണം ചെയ്തു. സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് 2,85,825 രൂപയും മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി 1,00,000 രൂപയും വിതരണം ചെയ്തു.
ഇന്ന് കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലായി രാവിലെ 9.30 ന് കാസര്‍ഗോഡ് നഗരസഭ വനിതാ ഹാൾ, 11 ന് മുനിസിപ്പല്‍ ടൗണ്‍ ഹാൾ, വൈകിട്ട് മൂന്നിന് ജിയുപി സ്കൂള്‍ മുസ്സോടി, 4.30 ന് മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരം എന്നിവിടങ്ങളില്‍ തീരസദസ് നടക്കും.