കാഞ്ഞങ്ങാട്: വിശദമായ പദ്ധതിരേഖയോ പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളും സാമ്പത്തിക ലാഭനഷ്ടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളോ ഇല്ലാതെ ജലപാത നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജലപാത ജനകീയ സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പദ്ധതി യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്ത ആശയമാണെന്നും അവര്‍ പറഞ്ഞു. അരയി പുഴ മുതല്‍ ചിത്താരി പുഴ വരെയുള്ള കൃത്രിമ കനാലിനെ ഏറെ ആശങ്കകളോടെയാണ് പ്രദേശവാസികള്‍ നോക്കിക്കാണുന്നത്. ആഴമേറിയ കൃത്രിമ കനാല്‍ വഴി പുഴകളെ ബന്ധിപ്പിക്കുമ്പോള്‍ ഉപ്പുവെള്ളം കയറി സ്വാഭാവിക ഒഴുക്ക് ഇല്ലാതെയാകും. ബ്രിട്ടീഷുകാരുടെ കാലത്ത് കൊടുങ്ങല്ലൂര്‍ മുതല്‍ വടകര വരെ നിര്‍മിച്ച കനോലി കനാലിന്റെ അവസ്ഥ ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ നദികളെ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ പരിസ്ഥിതിനാശം ചൂണ്ടിക്കാട്ടി കേരളം എതിര്‍ത്തിരുന്നതാണ്. സ്വകാര്യ വ്യക്തികള്‍ക്കും പങ്കാളിത്തമുള്ള ഒരു കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് ഈ സ്ഥാപനത്തിന് കൈമാറുന്ന രീതിയിലാണ് പദ്ധതി. പദ്ധതി നടപ്പാകുമ്പോള്‍ നീലേശ്വരം മൂലപ്പള്ളിയിലെ ഇരട്ട റെയില്‍പാലങ്ങള്‍ ഉയര്‍ത്തേണ്ടിവരും. കൃത്രിമ കനാലിനായി ദേശീയപാതയില്‍ ജില്ലാ ആശുപത്രിക്കടുത്ത് പാലം നിര്‍മിക്കേണ്ടിവരും. ഇതിനെല്ലാം റെയില്‍വേ, ദേശീയപാത വിഭാഗങ്ങളുടെ അനുമതി ലഭിക്കുക ദുഷ്കരമാകുമെന്നും സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി.