വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്
1296951
Wednesday, May 24, 2023 12:58 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും ഇതു ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹമോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള വനിതാ കമ്മീഷന് വിലയിരുത്തി.
വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സലിംഗിനു വിധേയമായിരിക്കണമെന്നും സ്കൂളുകളിലും കോളജുകളിലും കൗണ്‍സലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പോസ്റ്റ്-മാരിറ്റല്‍ കൗണ്‍സലിംഗ്, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനാണ് കമ്മീഷന് ഉദ്ദേശിക്കുന്നത്.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി.സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികള്‍ പരിഗണിച്ചു.
10 കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്നു കേസുകള്‍ കൗണ്‍സലിംഗിന് നിര്‍ദേശിച്ചു. ബാക്കി 15 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
ഗാര്‍ഹികപീഡനം, വഴിതര്‍ക്കം എന്നിവ സംബന്ധിച്ചതാണ് മറ്റു പരാതികൾ.
പാനല്‍ അംഗങ്ങളായ പി.കുഞ്ഞയിഷ, സിന്ധു, വനിത പോലീസ് സെല്‍ എസ്ഐ ടി.കെ.ചന്ദ്രിക, ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ കൗണ്‍സിലര്‍ രമ്യ ശ്രീനിവാസൻ, വനിതാ സെല്‍ സിപിഒ ടി.ഷീന, കമ്മീഷന് ബൈജു ശ്രീധരൻ, മധുസൂദനന് നായര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.