പാണത്തൂര്‍ വെറ്ററിനറി ഉപകേന്ദ്രം മാറ്റരുതെന്ന് പഞ്ചായത്ത് ഭരണസമിതി
1296949
Wednesday, May 24, 2023 12:58 AM IST
പനത്തടി: പാണത്തൂരിലെ വെറ്ററിനറി ഉപകേന്ദ്രം പിലിക്കോട്ടേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗം.
വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവയ്പിനും അത്യാവശ്യഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സയ്ക്കും സഹായകമായിരുന്ന ഉപകേന്ദ്രം മാറ്റുന്നത് പഞ്ചായത്തിലെ നല്ലൊരു വിഭാഗം വരുന്ന ക്ഷീരകര്ഷകര്ക്കുള്പ്പെടെ ദുരിതമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇവിടെനിന്നും അവധിയില്‍ പോയ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ക്കു പകരം പുതിയ ആളിനെ നിയമിക്കണമെന്നും ഉപകേന്ദ്രം നിലനിര്‍ത്തണമെന്നുമുള്ള ഭരണസമിതി തീരുമാനം മൃഗസംരക്ഷണവകുപ്പിനെ അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു.
ഇവിടെ കുത്തിവയ്പെടുക്കുന്ന കന്നുകാലികളുടെ എണ്ണം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഉപകേന്ദ്രം മാറ്റാനുള്ള നീക്കം തുടങ്ങിയത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറുടെ സേവനം ഇല്ലാത്തതിനാലാണ് കുത്തിവയ്പ് നല്കാന് കഴിയാത്ത നിലയായതെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി.
കല്ലപ്പള്ളി പോലുള്ള അതിര്‍ത്തിമേഖലകളിലെ ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍ കുത്തിവയ്പെടുക്കാന്‍ സുള്ള്യയില്‍ പോകേണ്ട അവസ്ഥയാണ്. ഇവിടെ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറുടെ സേവനം കൃത്യമായി ലഭിച്ചാല്‍ ഉപകേന്ദ്രം മാറ്റേണ്ടിവരില്ലെന്ന് കര്‍ഷകരും ചൂണ്ടിക്കാട്ടുന്നു.