മന്ത്രിക്കു മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് തീരദേശജനത
1296948
Wednesday, May 24, 2023 12:58 AM IST
തൃക്കരിപ്പൂർ: തീരപരിപാലന നിയമം, തീരദേശ ടൂറിസം , തീരദേശ റോഡ്, വീട് ഇല്ലാത്ത പ്രശ്നം, സഹകരണ സംഘ പ്രശ്നങ്ങൾ, ഫിഷിംഗ് ഹാര്‍ബര്‍ വികസനം, പട്ടയ പ്രശ്നം, ചെറുവത്തൂര്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് സബ് ഡിവിഷന് ഓഫീസ് പ്രശ്നം... പടന്ന കടപ്പുറത്തു നടന്ന തൃക്കരിപ്പൂര്‍ മണ്ഡലം തീരസദസില്‍ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും ഫിഷറീസ് മന്ത്രി സജി ചെറിയാനു മുന്നില്‍ ഉന്നയിച്ച വിഷയങ്ങള്‍ അനവധിയായിരുന്നു.
ഉപ്പുവെള്ളം കയറി തെങ്ങുകൃഷി നശിച്ച നീലേശ്വരം നഗരസഭയിലെ തീരദേശ മേഖലയില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വേലിയേറ്റ സമയത്ത് വെള്ളം കയറാത്തവിധം തീരഭിത്തി സംരക്ഷണ നവീകരണ പ്രവര്‍ത്തനം ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ട് ആയി അംഗീകരിച്ച വലിയപറമ്പ പഞ്ചായത്തില്‍ കടല്‍ ക്ഷോഭം ശക്തമായ മേഖലയില്‍ മേജര്‍ ഇറിഗേഷന്‍ പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തീരദേശ ഹൈവേയുടെ രൂപരേഖ അന്തിമമാക്കിയില്ല. അന്തിമമാക്കിയതിന് ശേഷം ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മത്സ്യ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 30 സെന്റ് സ്ഥലം പാട്ടത്തിന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും. ചെറുവത്തൂര്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം തത്കാലം നിര്‍ത്തലാക്കില്ലെന്ന് മന്ത്രി പറഞ്ഞു. തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മടക്കര ഫിഷിംഗ് ഹാര്‍ബര്‍ നവീകരണത്തിന് 44 കോടി രൂപയുടെ പ്രൊപ്പോസല്‍ ലഭിച്ചുവെന്നും മുന്‍ഗണനാ ക്രമത്തില്‍ ഇത് പരിഗണിക്കും.
നീലേശ്വരം നഗരസഭയില്‍ പുലിമുട്ട് തകര്‍ന്ന മേഖലയില്‍ പ്രശ്നം ഉടന്‍ പരിഹരിക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കും. ജില്ലയിലെ 27 സഹകരണ സംഘങ്ങളും ലാഭകരമാക്കി നടപ്പാക്കാനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഫിഷറീസ് അസി.രജിസ്റ്റാര്‍ക്ക് നിര്‍ദേശം നല്കി.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടച്ച തുക തിരികെ ലഭിക്കാന്‍ പദ്ധതിയുണ്ടാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളിൽ, ജില്ലാ തലത്തില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന പബ്ലിക് ഹിയറിംഗില്‍ ശാശ്വത പരിഹാരം കാണുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കണമെന്നും മന്ത്രി അറിയിച്ചു.
വലിയപറമ്പ് ഒരിയിറയില് പഞ്ചായത്തിന്റെ ഒരേക്കര്‍ സ്ഥലത്ത് കളിസ്ഥലം നിര്‍മിക്കാന്‍ ഫിഷറീസ് വകുപ്പ് തുക അനുവദിക്കും. നീലേശ്വരം ചെറുവത്തൂര്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ വികസനത്തിന് നടപടികള്‍ സ്വീകരിക്കും. വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.
കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് ഫിഷറീസ് വകുപ്പ് നേരിട്ട് ഇടപെട്ട് വിപണനവും വിത്തുല്‍പ്പാദനവും സാധ്യമാക്കുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പാക്കും.
പടന്ന-ഓരി-മൂസഹാജിമുക്ക് തീരദേശ റോഡ് മൂന്ന് മീറ്ററില്‍ നിന്ന് ആറു മീറ്റര്‍ ആക്കിയാല്‍ റോഡ് നിര്‍മിക്കാനുള്ള തുക അനുവദിക്കും.
തൈക്കടപ്പുറം ഫിഷറീസ് കോളനിയില്‍ വീടില്ലാത്ത എട്ട് കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ നല്കാന് മന്ത്രി ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതീകരണം നടക്കാതെ നില്ക്കുന്ന ജിഎഫ്വിഎച്ച്എസില് 20 ദിവസം കൊണ്ട് അടിയന്തരമായി വൈദ്യുതീകരണം പൂര്‍ത്തിയാക്കി ജൂണ്‍ 15ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചു.
എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ കളക്ടര്‍ കെ. ഇന്‍പശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരൻ, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.പ്രമീള, പി.വി.മുഹമ്മദ് അസ്ലം, വി.കെ.ബാവ, വൈസ്പ്രസിഡന്റ് പി.ശ്യാമള, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.ജെ.സജിത്, എം.മനു, ബ്ലോക്ക് പഞ്ചായത്തംഗം അനില്‍കുമാർ, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എൻ.എസ്.ശ്രീലു, ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന് എന്നിവര്‍ സംസാരിച്ചു.