മെഡിക്കല്‍ കോളജ്: കൊടുക്കേണ്ടത് എട്ടു കോടി സര്‍ക്കാര്‍ അനുവദിച്ചത് 71 ലക്ഷം
1283143
Saturday, April 1, 2023 1:16 AM IST
കാസര്‍ഗോഡ്: ബദിയഡുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണത്തിന് കരാര്‍ കമ്പനിക്ക് കുടിശികയിനത്തില്‍ എട്ടു കോടി രൂപ അനുവദിക്കേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ചത് വെറും 71 ലക്ഷം രൂപ മാത്രം. കുടിശിക നല്‍കാനുള്ളതിനാല്‍ ഒരു വര്‍ഷമായി ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ തുകകൊണ്ട് നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനി. ഇതോടെ ജില്ലയുടെ സ്വപ്നപദ്ധതിയായ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഉറപ്പായി.
8.06 കോടി രൂപയാണ് തമിഴ്നാട് ആസ്ഥാനമായുള്ള തുളസി ബില്‍ഡേഴ്സ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തുക മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കമ്പനി നിര്‍മാണം നിര്‍ത്തിവെച്ചത്. 11 കോടി രൂപയായിരുന്നു അന്നത്തെ കുടിശിക. ഇതില്‍ മൂന്നുകോടി സര്‍ക്കാര്‍ പിന്നീട് നല്കി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും തുക ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് കമ്പനി ഹൈക്കോടതിയെ സമീപിക്കുന്നത്. പണം എപ്പോള്‍ നല്കാന് കഴിയുമെന്ന കോടതിയുടെ ചോദ്യത്തിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ 1.77 കോടി നല്കാന് നടപടി സ്വീകരിക്കാമെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ച് ഫെബ്രുവരി 28നു ഹൈക്കോടതി ഉത്തരവിട്ടു. കോടതി നല്കിയ കാലാവധിയും കഴിഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞാണ് സര്‍ക്കാര്‍ 71 ലക്ഷം രൂപ അനുവദിച്ചത്.
48 കോടിയുടെ നിര്‍മാണമാണ് ഇവിടെ പൂര്‍ത്തിയായിരിക്കുന്നത്. ആറുനില കെട്ടിടത്തിന്റെ പുറത്തു മാത്രമാണ് തേപ്പ് ജോലികള്‍ പൂര്‍ത്തിയായിട്ടുള്ളത്. അകത്തെ തേപ്പ് പണികള്‍ ബാക്കിയാണ്. ഫ്ളോറിംഗിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല.