സുള്ള്യയില്‍ തടയണയൊരുങ്ങുന്നു; കാസര്‍ഗോഡിന് കുടിവെള്ളം മുട്ടുമോ?
1283141
Saturday, April 1, 2023 1:16 AM IST
കാസര്‍ഗോഡ്: ദക്ഷിണ കന്നഡ ജില്ലയില്‍ സുള്ള്യയ്ക്ക് സമീപം പയസ്വിനി പുഴയില്‍ കര്‍ണാടക സര്‍ക്കാര്‍ തടയണ നിര്‍മിക്കുന്നു. നാലുമീറ്റര്‍ ഉയരത്തില്‍ കിലോമീറ്ററുകളോളം ദൂരം ജലം സംഭരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
ജനുവരിയില്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പയസ്വിനി പുഴയില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയും. ഇപ്പോള്‍തന്നെ വേനലില്‍ അങ്ങിങ്ങ് വറ്റിവരളുന്ന ചന്ദ്രഗിരിപ്പുഴ കൂടുതല്‍ മെലിയാന്‍ ഇത് ഇടയാക്കും. ഇതോടെ കാസര്‍ഗോഡ് താലൂക്ക് കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരുമെന്നാണ് ആശങ്ക.
കേരള അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് തടയണ നിര്‍മിക്കുന്നത്. കടുത്ത വേനലിലും ഇവിടെ വെള്ളം ഒഴുകുന്നുണ്ട്. ഈ വെള്ളത്തെ തടഞ്ഞുനിര്ത്താനായാല് സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു കാലമായതിനാലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംവച്ചത്.
തടയണ പൂര്‍ത്തിയായാല്‍ കേരളത്തിലേക്കുള്ള നീരൊഴുക്ക് കുറയുന്നതോടെ ദേലംപാടി, കാറഡുക്ക, മുളിയാര്‍, പനത്തടി, ബേഡഡുക്ക, ചെമ്മനാട് പഞ്ചായത്തുകളും കാസര്‍ഗോഡ് നഗരസഭയും വേനല്‍ക്കാലം തുടങ്ങുമ്പോള്‍തന്നെ വരള്‍ച്ചയുടെ ചൂടറിയും.
കേരളത്തിന്റെ ബാവിക്കര തടയണയില്‍ വെള്ളമെത്തുന്നത് കുറയുന്നതോടെ ഈ വെള്ളമുപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെയും താളംതെറ്റും. ബാവിക്കരയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് നഗരസഭയിലും ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍, ചെമ്മനാട് പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അടുത്തിടെയാണ് നടപ്പായിത്തുടങ്ങിയത്.
ചന്ദ്രഗിരിപ്പുഴയിലെ ജലനിരപ്പ് താഴുന്നത് കാസര്‍ഗോഡ് താലൂക്കിലാകെ ജലക്ഷാമത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കും. പയസ്വിനിപ്പുഴയിലെ ആഴമേറിയ ഭാഗമായ മുളിയാര്‍ നെയ്യംകയം രണ്ടുവര്‍ഷം മുമ്പ് വറ്റിവരണ്ടത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുഴയിലെ നീരൊഴുക്ക് കുറയുന്നതോടെ വരുംവര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടേക്കാം.
കര്‍ണാടകയുടെ സ്ഥലത്ത് തടയണ നിര്‍മിക്കുന്നത് തടയാന്‍ കേരളത്തിനാവില്ലെങ്കിലും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി അമിതമായ ജലമൂറ്റല്‍ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടലാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്.