ഈസ്റ്റ് എളേരിയില്‍ ജോസഫ് മുത്തോലിയെ നിര്‍ദേശിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
1282389
Thursday, March 30, 2023 12:47 AM IST
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏപ്രില്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് മുത്തോലിയുടെ പേര് നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
ഈ തീരുമാനം ഡിസിസിയെ അറിയിച്ചതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജില്ലയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവരെയാണ് ഇക്കാര്യത്തില്‍ കെപിസിസി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഭരണസമിതിയിലെ കോണ്‍ഗ്രസ് കക്ഷിനേതാവായ ജോസഫ് മുത്തോലി തന്നെയായിരുന്നു 2020 ലും പാര്‍ട്ടി നോമിനിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. എന്നാല്‍ ഡിഡിഎഫ് നേതാവായ ജയിംസ് പന്തമ്മാക്കല്‍ രണ്ടു സിപിഎം അംഗങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇപ്പോള്‍ ഡിഡിഎഫ് കോണ്‍ഗ്രസില്‍ ലയിച്ചതോടെ ഫലത്തില്‍ 14 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജയിംസ് പന്തമ്മാക്കലിന്റെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളും നിലനില്‍ക്കുന്നതിനാല്‍ നേരത്തേ ഡിഡിഎഫിന്റെ ഭാഗമായിരുന്ന അംഗങ്ങളുടെ നിലപാട് വ്യക്തമായിട്ടില്ല. ഇവരുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് സൂചന.