പാമത്തട്ട് ക്വാറിക്ക് പ്രവര്ത്തനാനുമതി നിഷേധിച്ചത് ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയമെന്ന് സമരസമിതി
1281248
Sunday, March 26, 2023 7:06 AM IST
വെളളരിക്കുണ്ട്: പാമത്തട്ടിലെ നിര്ദിഷ്ട ക്വാറിക്ക് പ്രവര്ത്തനാനുമതി നിഷേധിച്ച ബളാല് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് പാമത്തട്ട് സംരക്ഷണ സമിതി നേതാക്കള് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഇത്തരമൊരു തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതിയേയും അതിനായി ജനവികാരത്തോടൊപ്പം ഉറച്ചുനിന്ന് പ്രവര്ത്തിച്ച പഞ്ചായത്തംഗങ്ങളായ മോന്സി ജോയി, പി.സി.രഘുനാഥന്, ബിന്സി ജയിന് എന്നിവരേയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളേയും സമിതി അഭിനന്ദിച്ചു.
ക്വാറിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി റദ്ദാക്കുന്നതു വരെ ജനകീയ സമരമുറകളും നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും സംരക്ഷണ സമിതി നേതാക്കള് അറിയിച്ചു. ഇതിനായി വിപുലമായ സമര ഐക്യദാര്ഢ്യ സമിതിക്ക് ഉടന് രൂപം നല്കും.
ഹൈക്കോടതിയില് രണ്ട് കേസുകള് നിലവിലിരിക്കുകയും കളക്ടര് മൂന്നു തവണ എന്ഒസി നിഷേധിക്കുകയും ചെയ്തിട്ടും എങ്ങനെയാണ് ക്വാറിക്ക് എക്സ്പ്ളോസീവ് ലൈസന്സ് ലഭിച്ചതെന്ന് വിശദമായ അന്വേഷണം നടത്തണമെന്നും സമിതി നേതാക്കള് ആവശ്യപ്പെട്ടു. കെ.വി.കൃഷ്ണന്, ജിജോ പി.മാനുവല്, എം.ജെ.റിജോഷ്, സണ്ണി പൈകട എന്നിവര് പത്രസമ്മേളത്തില് സംബന്ധിച്ചു.