ബളാല്‍ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും മുന്‍ഗണന
1281243
Sunday, March 26, 2023 7:04 AM IST
വെള്ളരിക്കുണ്ട്: കാര്‍ഷിക മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍തൂക്കം നല്കി ബളാല്‍ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. ആകെ 35,70,21,783 രൂപ വരവും 35,55,28,000 രൂപ ചെലവും 14,93,783 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം.രാധാമണി അവതരിപ്പിച്ചത്.
കോട്ടഞ്ചേരി, എടക്കാനം, പള്ളത്തുമല, മരുതോം എന്നിവിടങ്ങളില്‍ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പിലാക്കും. ജലജീവന്‍ പദ്ധതിയിലൂടെ 1200 കുടുംബങ്ങള്‍ക്കും ജലനിധി പദ്ധതി കാര്യക്ഷമമാക്കി 1500 കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കും.
വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോപ്ലക്സിന്റെ നിര്‍മാണത്തിനായി 4.5 കോടി രൂപയും ബളാല്‍ സാംസ്കാരിക നിലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 41 ലക്ഷം രൂപയും വകയിരുത്തി.
പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനും ഓവുചാലുകള്‍ നിര്‍മിക്കാനും 9.12 കോടി രൂപ മാറ്റിവച്ചു. കൊന്നക്കാട് പിഎച്ച്സി കെട്ടിട നിര്‍മാണത്തിന് പഞ്ചായത്തിന്റെയും എന്‍എച്ച്എമ്മിന്റെയും ഫണ്ടുകള്‍ ചേര്‍ത്ത് 1.06 കോടി രൂപ വകയിരുത്തി. കനകപ്പള്ളിയിലെ പൊതുശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 65 ലക്ഷം രൂപ അനുവദിക്കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍. ജെ.മാത്യു, ടി.അബ്ദുള്‍ ഖാദര്‍, പി.പത്മാവതി, അംഗം സന്ധ്യ ശിവന്, സെക്രട്ടറി ജി.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.