പണി തുടങ്ങി, ചിറപ്പുറം-ചായ്യോത്ത് റോഡും അടഞ്ഞുതന്നെ
1280800
Saturday, March 25, 2023 1:09 AM IST
നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡില് ചായ്യോത്ത് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള് ഇഴഞ്ഞുനീങ്ങുന്നതുമൂലം യാത്ര ദുരിതമായപ്പോള് പകരം സംവിധാനമായി എല്ലാവരും പ്രയോജനപ്പെടുത്തിയത് ചിറപ്പുറം ആലിന്കീഴില് നിന്നുതുടങ്ങി ബങ്കളം വഴി ചായ്യോത്തേക്കുള്ള റോഡിനെയായിരുന്നു. ജില്ലാ സ്കൂള് കലോത്സവവും കായികമേളയുമൊക്കെ നടന്ന സമയത്ത് ഈ റോഡിനെക്കൊണ്ടുള്ള പ്രയോജനം എല്ലാവരും അനുഭവിച്ചതാണ്. ഇത്രയ്ക്ക് ഗുണമുള്ള റോഡാണെങ്കില് അതുകൂടി വീതികൂട്ടി നവീകരിച്ചുകളയാമെന്ന് അധികൃതരും തീരുമാനിച്ചതോടെ ഈ റോഡിന്റെയും ശനിദശ തുടങ്ങി.
രണ്ടുമാസം മുമ്പാണ് നവീകരണത്തിനായി ഈ റോഡും അടച്ചത്. വീതി കുറഞ്ഞ റോഡ് അങ്ങിങ്ങ് കിളച്ചുമറിച്ചിട്ടും മെറ്റല് ഇറക്കിയും പൂര്ണമായും അടച്ചിട്ടാണ് പ്രവൃത്തി തുടങ്ങിയത്. അതും പതിവുപോലെ മെല്ലെപ്പോക്കിലായതോടെ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തന്നെ ഫലത്തില് ഇല്ലാതായി.
ഇപ്പോഴും റോഡ് കിളച്ചുമറിച്ച് അങ്ങിങ്ങ് മെറ്റല് നിരത്തിയ അവസ്ഥയിലാണ്. ചായ്യോം ഭാഗത്തു മാത്രമാണ് കുറച്ചെങ്കിലും ടാര് ചെയ്തിട്ടുള്ളത്. ഇതുവഴി സര്വീസ് നടത്തിയിരുന്ന കെഎസ്ആര്ടിസി ബസ് ഉള്പ്പെടെ ഓട്ടം നിര്ത്തി. ഓട്ടോറിക്ഷകള്ക്കു പോലും രണ്ടുമാസമായി ഇതുവഴി പോകാനാവുന്നില്ല. കക്കാട്ട് ഗവ. എച്ച്എസ്എസില് പരീക്ഷയെഴുതുന്ന വിദ്യാര്ഥികള് പോലും തീരാദുരിതത്തിലാണ്. നീലേശ്വരംഇടത്തോട് റോഡിന്റെ കാര്യത്തില് ഒരു തീരുമാനമായിട്ട് മതിയായിരുന്നില്ലേ സമാന്തര റോഡിന്റെ നവീകരണമെന്നാണ് എല്ലാവരും ചോദിക്കുന്നത്.