എല്‍പിജി പമ്പുകള്‍ അടച്ചുപൂട്ടുന്നു
1280178
Thursday, March 23, 2023 12:53 AM IST
കാസര്‍ഗോഡ്: എല്‍പിജി വാഹനങ്ങള്‍ക്കായുള്ള ജില്ലയിലെ എല്‍പിജി പമ്പുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. സ്വകാര്യ, പൊതുമേഖല കമ്പനികളുടേതായി ആറിടങ്ങളിലാണ് ജില്ലയില്‍ എല്‍പിജി സ്റ്റേഷനുകള്‍ ഉണ്ടായിരുന്നത്. ദേശീയ പാതയോരത്തായി കാലിക്കടവ്, നീലേശ്വരം, മാവുങ്കാല്‍, അണങ്കൂര്‍, വിദ്യാനഗര്‍, മഞ്ചേശ്വരം പൊസോട്ട് എന്നിവിടങ്ങളിലായിരുന്നു പമ്പുകള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ അഞ്ചും പൂട്ടിക്കെട്ടി. മഞ്ചേശ്വരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കാസര്‍ഗോഡ് വിദ്യാനഗറിലെ പമ്പ് ചൊവ്വാഴ്ചയാണ് അടച്ചത്. കോഴിക്കോടിനും കാസര്‍ഗോഡിനും മധ്യേ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷനുണ്ടായിരുന്ന ഏക പമ്പ് ആയിരുന്നു ഇത്. ദിവസം 400 ലിറ്റര്‍ ഇന്ധനം വരെ നിറച്ചിരുന്ന പമ്പാണിത്. 75 കിലോമീറ്റര്‍ അകലെയുള്ള മലയോര പ്രദേശമായ പാണത്തൂരില്‍ നിന്നുപോലും വാഹനങ്ങള്‍ ഇവിടെയെത്തിയിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ കമ്പനി ജീവനക്കാരെ അയക്കാത്തതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്ന് പമ്പുടമ കെ. മഞ്ജുനാഥ കാമത്ത് പറഞ്ഞു. "16 വര്‍ഷം മുമ്പാണ് പമ്പ് തുടങ്ങിയത്. കൃത്യമായ അറ്റകുറ്റപ്പണി ഇല്ലെങ്കില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. കാരണം യാത്രക്കാരുടെയും ജീവനക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ പ്രധാനമാണ്. വാതകചോര്‍ച്ച പോലുള്ള കാര്യങ്ങള്‍ വലിയ ദുരന്തത്തിലേക്ക് നയിക്കും. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ നിന്നും ഒരു ജീവനക്കാരന് എത്തിയെങ്കിലും ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പണിയൊന്നും നടന്നില്ല. മാസംതോറും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കരാര്‍. അതു നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പമ്പ് അടച്ചുപൂട്ടേണ്ടിവന്നത്.' അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ എല്‍പിജി ഉപയോഗിച്ച് ഓടുന്ന നാനൂറോളം വാഹനങ്ങളുണ്ട്. പെട്രോള്‍ വില കുതിച്ചുകയറിയപ്പോള് അതിനെ മറികടക്കാനാണ് പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും എല്‍പിജി ഓട്ടോറിക്ഷയിലേക്ക് മാറിയത്. ഇവര്‍ക്കെല്ലാം ഇന്ധനം നിറയ്ക്കണമെങ്കില്‍ മഞ്ചേശ്വരം വരെ പോകേണ്ട ഗതികേടാണുള്ളത്. ഇതു വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല് പലരുടെയും എല്‍പിജി ഓട്ടോറിക്ഷ കട്ടപ്പുറത്താണുള്ളത്.