യുവജന കമ്മീഷന് അദാലത്ത്: പരിഗണിച്ചത് 16 പരാതികള്‍
1279590
Tuesday, March 21, 2023 12:51 AM IST
കാസര്‍ഗോഡ്: സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ യുവജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ജില്ലാ അദാലത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
16 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അതില്‍ ഒമ്പത് പരാതികള്‍ പരിഹരിച്ചു. ഏഴ് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പുതുതായി രണ്ടു പരാതികളും അദാലത്തില്‍ ലഭിച്ചു. സംസ്ഥാന യുവജന കമ്മീഷന് അംഗങ്ങളായ വി.വിനില്‍, റെനീഷ് മാത്യു, എന്നിവരാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തിയത്.
തൃക്കരിപ്പൂര്‍ വില്ലേജിലെ സുനില്‍കുമാറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നേരത്തെ യുവജന കമ്മീഷന് അംഗം റെനീഷ് മാത്യു വീട് സന്ദര്‍ശിച്ചിരുന്നു. അന്ന് പോലീസ് അസ്വഭാവിക മരണം എന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചിലര്‍ക്ക് മരണവുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്നും കാണിച്ച് മരണപ്പെട്ട സുനില്‍ കുമാറിന്റെ ഭാര്യ ഷിനി കമ്മീഷന് പരാതി നല്‍കിയിരുന്നു.
കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ സമാഹരിക്കുകയും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വളരെ വേഗത്തില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്കി. നിലവില്‍ കോടതിയുടെ പരിഗണനയിലാണ് കേസുള്ളതെന്നും കമ്മീഷന് അറിയിച്ചു.
തിമിരി മുന്നൂര്കുളത്ത് ക്വാറി പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആല്ഫിന് എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക ആഘാത പഠന അതോറിറ്റി നല്കിയ അനുമതി റദ്ദാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെടും.
കളക്ടറുടെ പ്രതിനിധി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി അദാലത്തുകള്‍ വിവിധ ജില്ലകളിലും കമ്മീഷന് ആസ്ഥാനത്തും നടന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ജില്ലാതല അദാലത്തുകള്‍ കാസര്‍ഗോഡ് നടന്ന അദാലത്തോട് കൂടി പൂര്‍ത്തീകരിച്ചു.