നീലേശ്വരത്തെ അതിഥിമന്ദിരം നാശത്തിന്റെ വക്കില്‍
1279326
Monday, March 20, 2023 1:07 AM IST
നീലേശ്വരം: ഗതകാലപ്രൗഢിയുടെ ഒട്ടേറെ കഥകള്‍ ബാക്കിവച്ച് നീലേശ്വരം കരുവാച്ചേരി തോട്ടത്തിലെ അതിഥിമന്ദിരം നാശത്തിന്റെ വക്കില്‍. കാര്‍ഷിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ മദ്രാസില്‍ നിന്നും വിദേശത്തുനിന്നുമൊക്കെ എത്തുന്ന ശാസ്ത്രജ്ഞന്മാര്ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താമസിക്കുന്നതിനായി 1930 കളില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്താണ് ഈ അതിഥിമന്ദിരം നിര്‍മിച്ചത്.
നീലേശ്വരത്തിന്റെ ജനപ്രതിനിധിയായി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിനും പിന്നീട് കെ. കരുണാകരനും ഇ.കെ. നായനാരുമടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്കും പലവട്ടം ഇവിടെ താമസസൗകര്യമൊരുക്കിയിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥനും ഇഎംഎസും നട്ട തെങ്ങുകള്‍ ഇവിടെ വളര്‍ന്നു കായ്ച്ച് നില്‍ക്കുന്നുണ്ട്.
1972 മുതലാണ് ഇവിടം കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉടമസ്ഥതയിലായത്. ആദ്യകാലത്ത് സര്‍വകലാശാലയുടെ അതിഥിമന്ദിരമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കാലാകാലങ്ങളില്‍ അറ്റകുറ്റപണികളൊന്നും നടത്താതെ വെറുതേയിടുകയായിരുന്നു. പടന്നക്കാട് കാര്‍ഷിക കോളജും ആവശ്യത്തിന് കെട്ടിടസൗകര്യവുമൊക്കെയായതോടെ സര്‍വകലാശാലയുടെ അതിഥികളായെത്തുന്നവര്‍ക്ക് താമസിക്കാന്‍ ഇതിന്റെ ആവശ്യമില്ലാതായി. കാലാനുസൃതമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കാന്‍ സര്‍വകലാശാല താത്പര്യപ്പെട്ടതുമില്ല.
ഇപ്പോള്‍ മേല്‍ക്കൂരയിലെ പട്ടികകള്‍ ഇളകി ഓടുകള്‍ താഴെ വീണും വാതിലുകളിലും ജനാലകളിലും ചിതല് കയറിയും അനാഥാവസ്ഥയിലാണ് കെട്ടിടം. പൊട്ടിയ കസേരകളും മേശകളും മുറിക്കുള്ളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ആകെയുള്ള രണ്ട് മുറികളും ഹാളും അടുക്കളും പൊടിയും മാറാലയും പിടിച്ച് കിടക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാതായതോടെ മരപ്പട്ടികളും ഇവിടെ വാസമുറപ്പിച്ചു.
കെട്ടിടത്തിനു മുന്നിലുണ്ടായിരുന്ന മതില് ദേശീയപാതാ വികസനത്തിനായി പൊളിച്ചുനീക്കി. ഇനിയൊരു മഴക്കാലത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂരയും നിലംപൊത്തിയേക്കാമെന്ന നിലയാണ്. അതിനു മുമ്പ് ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി നൂറ്റാണ്ടിനോളം പ്രായമുള്ള ഈ കെട്ടിടത്തെ പഴയ രൂപഭംഗിയോടെ നിലനിര്‍ത്താനും ഏതെങ്കിലും തരത്തില്‍ ഉപയുക്തമാക്കാനും സര്‍വകലാശാല ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.